ദേശാടനപക്ഷികളും, കാട്ടുപക്ഷികളും ഓമനപക്ഷികളുമെല്ലാം വൈറസിന്റെ വാഹകരാകാന്‍ സാധ്യതയേറെയാണ്. ഈ പക്ഷികളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അവയുടെ കാഷ്ഠം കലര്‍ന്ന് രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, തീറ്റപ്പാത്രം, മറ്റ് ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം വഴി പരോക്ഷമായും വൈറസുകൾ വേഗത്തില്‍ പടര്‍ന്നു പിടിക്കും. കൂടുകളിൽ അടച്ചിട്ട് വളർത്തുന്നവയേക്കാൾ അഴിച്ച് വിട്ട് വളർത്തുന്ന കോഴികൾക്കാണ് കൂടുതൽ രോഗ സാധ്യത.
വൈറസ് ബാധയേറ്റ് രണ്ടു മുതല്‍ രണ്ടാഴ്ചക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവും. കോഴികളുടെ ശ്വസനവ്യൂഹത്തെയാണ് വൈറസുകൾ പ്രധാനമായും ബാധിക്കുക. ഒപ്പം ദഹനേന്ദ്രിയവ്യൂഹത്തെയും നാഡികളെയും വൈറസ് ആക്രമിക്കും. ചെറിയ പ്രായത്തിലുള്ള കോഴികളിലാണ് രോഗം കൂടുതല്‍ മാരകം.
കൂടിന്റെ ഒരു മൂലയില്‍ തലതാഴ്ത്തി തൂങ്ങി നില്ക്കല്, ധാരാളം വെള്ളം കുടിക്കുമെങ്കിലും തീറ്റയെടുക്കാതിരിക്കല്‍, ശ്വാസമെടുക്കാനുള്ള പ്രയാസം, കൊക്കുകള്‍ പാതി തുറന്ന് പിടിച്ചുള്ള ശ്വാസോച്ഛ്വാസം, ദുര്‍ഗന്ധത്തോടുകൂടിയ പച്ചയും വെള്ളയും കലര്‍ന്ന വയറിളക്കം, കഴുത്ത് പിരിച്ചില്, ചിറകുകളുടെയും കാലുകളുടെയും തളര്‍ച്ച, കൊക്കിനും കണ്ണിനും ചുറ്റും വീക്കം, താടയും പൂവും നീല നിറത്തിൽ വ്യത്യാസപ്പെടൽ തുടങ്ങിയവയാണ് കോഴിവസന്ത രോഗത്തിന്റെ ലക്ഷണങ്ങള്‍. അതിതീവ്രവൈറസുകളാണെങ്കില്‍ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് 2-3 ദിവസത്തിനകം കോഴികള്‍ മരണപ്പെടും. ചൂടും ഈര്‍പ്പവും ഉള്ള സാഹചര്യങ്ങളില്‍ ദീര്‍ഘനാള്‍ നശിക്കാതെ നിലനില്‍ക്കാനുള്ള കഴിവും വൈറസിനുണ്ട്.
36 ദിവസത്തിനു മുകളിൽ പ്രായമെത്തിയ കോഴികൾക്കും താറാവുകൾക്കും വസന്ത രോഗം തടയാനുള്ള വാക്സീൻ നൽകാം. വസന്ത രോഗം താറാവുകളിലും കോഴികളിലും മാരകമായ വൈറസ് രോഗമായതിനാൽ വാക്സിനേഷൻ മാത്രമാണ് പ്രതിരോധത്തിനുള്ള മാർഗം.

