തിരുവനന്തപുരം: വീടിനുള്ളിൽ കയറിയ മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസിൽ ഒളിവിലായിരുന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ വെള്ളനാട് ശശി വനം വകുപ്പിന് മുന്നിൽ കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെത്തിയാണ് ശശി കീഴടങ്ങിയത്.
കഴിഞ്ഞമാസം 28നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വെള്ളനാട് ഒരു കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മുള്ളൻ പന്നി കയറുകയും, വിവരമറിഞ്ഞ് എത്തിയ ശശി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടുന്നതിന് പകരം ഇരുമ്പുവടി ഉപയോഗിച്ച് മുള്ളൻപന്നിയെ തല്ലിക്കൊല്ലുകയുമായിരുന്നു. തുടർന്ന് വനം വകുപ്പ് കേസെടുത്തതിന് പിന്നാലെ ശശി ഒളിവിൽ പോവുകയും ചെയ്തു. ഒളിവിലായിരുന്ന ശശി ഔദ്യോഗിക ചടങ്ങിൽ അടക്കം പങ്കെടുക്കുകയുണ്ടായെങ്കിലും, വനം വകുപ്പ് ശശിക്കെതിരെ നടപടി എടുത്തിരുന്നില്ല. പിന്നീട് സെഷൻസ് കോടതി ശശിയുടെ മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് കീഴടങ്ങൽ .
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന ജീവിയാണ് മുള്ളൻ പന്നി. ഇത്തരം ജീവികളെ കൊല്ലുന്നത് ഏഴുവർഷം വരെ തടവും, 25000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വന്യജീവി സംരക്ഷണ നിയമം പ്രകാരം ജാമ്യമില്ല വകുപ്പുകൾ ചുമത്തി വനം വകുപ്പ് ശശിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

