ഡൽഹി: അപകടത്തെ തുടർന്ന് പതിമൂന്ന് വർഷം കോമയിൽ കഴിഞ്ഞ ഹരീഷ് റാണ വിടവാങ്ങി. ദയാവധത്തിന്റെ ധാർമ്മികനീതിയെ കുറിച്ചുള്ള സംവാദങ്ങൾ തുടരവെ, ഡൽഹി എയിംസിൽ വെച്ചായിരുന്നു ചൊവ്വാഴ്ച ഹരീഷ് റാണയുടെ അന്ത്യം. ഇന്ത്യയിലെ ആദ്യ വേദനരഹിത ഭാഗിക ദയാമരണം എന്ന നിലയിൽ വൈദ്യശാസ്ത്ര-നൈതിക ചരിത്രത്താളുകളിലാണ് ഇനി ഹരീഷിന്റെ സ്ഥാനം.
രോഗശയ്യയിലും മരണത്തിലും അന്തസ്സ് എന്നത് ഒരു മനുഷ്യാത്മാവിന്റെ അവകാശമാണ് എന്ന തത്വം ഉയർത്തിപ്പിടിക്കുന്നതായിരുന്നു ഹരീഷ് റാണയുടെ ദയാമരണം. നിയമത്തിന്റെയും വൈദ്യശാസ്ത്ര ധാർമ്മികതയുടെയും എല്ലാ ചട്ടക്കൂടുകളും പാലിച്ച്, മുൻ നിശ്ചയപ്രകാരം അവസാന ജീവസന്ധാരണ സംവിധാനം കൂടി വേർപെടുത്തിയതോടെ, ഹരീഷിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുകയായിരുന്നു.
2013ൽ നടന്ന ഒരു അപകടത്തെ തുടർന്ന് തലയ്ക്ക് സാരമായി പരിക്കേറ്റ ഹരീഷ് കഴിഞ്ഞ 13 വർഷമായി കോമയിലായിരുന്നു. വയോധികരായ മാതാപിതാക്കളുടെ അനുമതിയോടെ ദയാവധം സാധ്യമാകുമ്പോൾ 31 വയസ്സായിരുന്നു ഹരീഷിന്റെ പ്രായം.
കഴിഞ്ഞ മാർച്ച് 11നാണ് ഹരീഷ് റാണയുടെ ഭാഗിക ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയത്. തുടർന്ന് മാർച്ച് 14ന് അദ്ദേഹത്തെ ഗാസിയാബാദിലെ വസതിയിൽ നിന്നും ഡൽഹി എയിംസിൽ എത്തിച്ചു. ഒരിക്കലും സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിക്കാത്ത മകന്റെ യശ്ശസ്സ് ഉയർത്തിപ്പിടിച്ച് മാതാപിതാക്കൾ സുപ്രീം കോടതിയിൽ വരെ നടത്തിയ പോരാട്ടം ചരിത്രപരവും അനേകം മാനങ്ങളുമുള്ള ഒരു ദശാസന്ധിയാണ് രാജ്യത്തിന്റെ ഇന്നോളമുള്ള ആയുരാരോഗ്യ നിയമസംവിധാനത്തിന് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധാപൂർവ്വമുള്ള നിരീക്ഷണത്തിന് വിധേയമായ ജീവിതാന്ത്യം എന്നാണ് ഹരീഷ് റാണയുടെ ദയാമരണം വിശേഷിപ്പിക്കപ്പെടുന്നത്.

