തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥൻ . സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്തുക്കൾ പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ല എന്ന കോൺഗ്രസിന്റെ പരാതി തള്ളിയാണ് നാമനിർദേശപത്രിക സ്വീകരിച്ചത്.
മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും രാജീവ് ചന്ദ്രശേഖർ ക്രിമിനൽ കുറ്റം ചെയ്തിട്ടുണ്ടെന്നും ശബരിനാഥൻ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ഉണ്ടായിരിക്കുന്നതിൽ തെറ്റില്ല, പക്ഷേ അത് മറച്ചുവെക്കുന്നത് എന്തുകൊണ്ടാണെന്ന് ശബരിനാഥൻ ചോദിച്ചു. എൻഡിഎ അക്കൗണ്ട് അവസാനിപ്പിക്കാനുള്ള സുവർണ്ണാവസരം ഉപയോഗിക്കുന്നതിൽ സിപിഎം പരാജയമാണെന്നും ശബരിനാഥൻ ആരോപിച്ചു.
കർണാടകയിലുള്ളത് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ വിശദാംശങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചിട്ടുണ്ടെന്ന് പരിശോധനയ്ക്കിടെ യുഡിഎഫ് ആരോപണം ഉന്നയിച്ചിരുന്നു. ബെംഗളൂരുവിലെ കോറമംഗലയിലുള്ള 49,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബംഗ്ലാവിന്റെ വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ മറച്ചുവെച്ചുവെന്നാണ് യുഡിഎഫിന്റെ ആരോപണം.
എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് കോടതിയെ സമീപിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോൺഗ്രസിന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. ധൈര്യമുണ്ടെങ്കിൽ കേസ് ഫയൽ ചെയ്യാൻ അദ്ദേഹം വെല്ലുവിളിച്ചു, ഇതാണ് കോൺഗ്രസിന്റെ രീതി എന്നും അദ്ദേഹം പറഞ്ഞു.
‘2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ഇതുതന്നെ ചെയ്തു. കോൺഗ്രസ് ഒരുപാട് കള്ളം പറയുന്നു. അവർ 100 ശതമാനം കള്ളമാണ് പറയുന്നത്. ഇതിലൂടെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ അവർ ശ്രമിക്കുന്നു, പക്ഷേ ജനങ്ങൾക്ക് സത്യം അറിയാം. വികസനം തിരഞ്ഞെടുപ്പുകളിൽ ചർച്ച ചെയ്യണം, ബിജെപി അത് ചെയ്യുന്നു. കോൺഗ്രസ് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്,’ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖറിനും ഭാര്യയ്ക്കും 111.11 കോടി രൂപയുടെ ആസ്തിയുണ്ട്. ഇതിൽ രാജീവ് ചന്ദ്രശേഖറിന് 93.88 കോടി രൂപയുടെയും ഭാര്യയ്ക്ക് 18.10 കോടി രൂപയുടെയും ആസ്തിയുണ്ടെന്ന് പറയുന്നു. ഈ സ്വത്ത് 2024 ലെ സത്യവാങ്മൂലത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

