ഇന്ത്യൻ വ്യോമസേനയ്ക്കായി വമ്പൻ കരാറുകളുമായി കേന്ദ്രസർക്കാർ . 2026-27 സാമ്പത്തിക വർഷത്തിൽ നിരവധി പ്രധാന കരാറുകൾ അന്തിമമാക്കുന്നതിനുള്ള രൂപരേഖ പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
മെഗാ കരാറുകളിൽ 114 റാഫേൽ യുദ്ധവിമാനങ്ങൾ, 60 മീഡിയം ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ , നൂതന വ്യോമ നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. പ്രതിരോധത്തിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ലോക്സഭയിൽ സമർപ്പിച്ച സമീപകാല റിപ്പോർട്ട് അനുസരിച്ച്, 2025-26 എസ്റ്റിമേറ്റുകളെ അപേക്ഷിച്ച് ഇത്തവണ വ്യോമസേനയുടെ ബജറ്റിൽ 37.03% വർദ്ധനവ് ഉണ്ടാകും .
മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് (MRFA) പ്രോഗ്രാം, തേജസ് MK1A ജെറ്റുകൾ, എയർബോൺ ഏർലി വാണിംഗ് ആൻഡ് കൺട്രോൾ (AEW&C) സിസ്റ്റങ്ങൾ , MTA പ്രോജക്റ്റ്, ദീർഘകാല സൈനിക ഡ്രോണുകൾ എന്നിവയ്ക്കായും തുക വകയിരുത്തും . 2026 ഫെബ്രുവരിയിൽ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) ഔദ്യോഗികമായി അംഗീകരിച്ച മൾട്ടി ബില്യൺ ഡോളറിന്റെ മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് പ്രോഗ്രാമിനാണ് പ്രഥമ പരിഗണന.
ഏകദേശം 3.25 ലക്ഷം കോടി രൂപ ചിലവ് വരുന്ന പദ്ധതിയിലൂടെ 114 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് ലഭിക്കും. സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന്റെ ഭാഗമായി ഫ്രാൻസിന്റെ ഡസ്സോൾട്ട് ഏവിയേഷനും ഇന്ത്യയിലെ സ്വകാര്യ സ്ഥാപനവും ചേർന്നാകും ഈ വിമാനങ്ങൾ ആഭ്യന്തരമായി നിർമ്മിക്കുക.60 മീഡിയം ട്രാൻസ്പോർട്ട് വിമാനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള 1 ലക്ഷം കോടി രൂപയുടെ പദ്ധതിക്കും സർക്കാർ പച്ചക്കൊടി കാണിച്ചിട്ടുണ്ട്. 12 വിമാനങ്ങൾ വാങ്ങാനും ബാക്കി 48 എണ്ണം ഇന്ത്യയ്ക്കുള്ളിൽ നിർമ്മിക്കാനുമാണ് തീരുമാനം.

