ന്യൂഡൽഹി : ഇറാൻ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . മിഡിൽ ഈസ്റ്റിലെയും ഹോർമുസിലെയും സ്ഥിതിഗതികളെക്കുറിച്ച് മോദി ട്രംപുമായി സുപ്രധാന ചർച്ചകൾ നടത്തി. കഴിഞ്ഞ ദിവസം ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയനുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും മോദി സംസാരിച്ചിരുന്നു ഇതിനുപുറമെ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, ബഹ്റൈൻ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലെ മറ്റെല്ലാ നേതാക്കളുമായും അദ്ദേഹം സംസാരിച്ചിരുന്നു.
ഇസ്രായേൽ, അമേരിക്ക, ഇറാൻ യുദ്ധം ആരംഭിച്ച് 25 ദിവസമാണ് പിന്നിടുന്നത് . ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുന്നത് ലോകമെമ്പാടും ആശങ്കാജനകമായ വിഷയമായി മാറിയിരിക്കുന്നു. ഹോർമുസ് കടലിടുക്ക് മനുഷ്യരാശിക്കായി തുറന്നുകൊടുക്കണമെന്ന ഇന്ത്യയുടെ നയം യുഎസിനു മുന്നിൽ പ്രധാനമന്ത്രി അവതരിപ്പിച്ചുവെന്നാണ് സൂചന.
സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് ഇന്ത്യ പിന്തുണ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.മിഡിൽ ഈസ്റ്റിലെ നിലവിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും ചർച്ച ചെയ്യുകയും ഹോർമുസ് കടലിടുക്ക് തുറന്നിടേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയെന്നും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു.

