കൊച്ചി : കലാകാരി ശ്രീജ കളപ്പുരയ്ക്കലിന് നേരെ ആക്രമണം . അയൽവാസിയായ സണ്ണി ഇരുമ്പ് ചൂൽ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കഴുത്തിൽ കുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എറണാകുളത്തെ അയ്യമ്പിള്ളിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ചെറായി സ്വദേശി സണ്ണിയെ മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ അപകടകരമായ ആയുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്ന ബി എൻ എസ് 118(1) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മണ്ണും , അവശിഷ്ടങ്ങളും നിറഞ്ഞ മഴവെള്ളം ഒഴുക്ക് മണ്ണിട്ട് തടഞ്ഞ് തിരിച്ചുവിടാൻ സണ്ണി ശ്രമിച്ചതിനെ ശ്രീജ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടുണ്ട് . തർക്കം പരിഹരിക്കാൻ സ്ഥലത്തെത്തിയ വാർഡ് കൗൺസിലറുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം . ഭർത്താവുമായുള്ള വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് ശ്രീജ അയ്യമ്പിള്ളിയിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസം . സണ്ണി തന്നോട് മുമ്പ് പലതവണ അനുചിതമായി പെരുമാറിയിട്ടുണ്ടെന്ന് അവർ ആരോപിച്ചിട്ടുണ്ട്. സണ്ണി പലതവണ തനിക്ക് അനുചിതമായ സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും താൻ അതിനെ എതിർത്തിരുന്നുവെന്നും ശ്രീജ പറഞ്ഞു.
സഹായം വാഗ്ദാനം ചെയ്യാനെന്ന വ്യാജേന അയാൾ പലതവണ തന്റെ വീട്ടിൽ കയറി അനുചിതമായി പെരുമാറിയെന്നും അവർ ആരോപിച്ചു. ഈ ആരോപണങ്ങൾക്ക് തെളിവായി സാക്ഷികളുണ്ടെന്നു ശ്രീജ പറഞ്ഞു. മുനമ്പം പോലീസ് സ്റ്റേഷനിൽ മുമ്പ് പരാതി നൽകിയിരുന്നെങ്കിലും, ചെറിയ കുറ്റങ്ങൾ മാത്രമേ സണ്ണിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളൂ എന്നും ശ്രീജ ആരോപിച്ചു. ആക്രമണം നടന്നയുടനെ പരാതി നൽകിയെങ്കിലും, സംഭവം മാധ്യമശ്രദ്ധ നേടിയതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് അവർ പറഞ്ഞു.

