ബെംഗളൂരു : അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ മഹത്വവൽക്കരിക്കുന്ന സ്റ്റിക്കറുകൾ പതിച്ച കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്. ‘ ദാവൂദ് ; റൈസ് ഓഫ് ഡോൺ‘ , ‘എംപറർ സ്ട്രൈക്ക്സ് എഗെയ്ൻ‘ തുടങ്ങിയ പ്രകോപനപരമായ സന്ദേശങ്ങളാണ് ബസിൽ പ്രദർശിപ്പിച്ചിരുന്നത്. ചിക്കമംഗളൂരുവിൽ വച്ചാണ് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തത്.
നഗരത്തിലെ ബോളരാമേശ്വര ക്ഷേത്രത്തിന് സമീപം ബസ് എത്തിയപ്പോഴാണ് സ്റ്റിക്കറുകൾ ഹിന്ദു സംഘടനകളിലെ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ഇവർ ബസ് തടഞ്ഞു നിർത്തുകയും , ഡ്രൈവറെയും ക്ലീനറെയും ചോദ്യം ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് ബസും , അതിന്റെ രേഖകളും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്. ചിക്കമംഗളൂരുവിൽ എത്തുന്നതിനു മുൻപ് നിരവധി ചെക്ക് പോസ്റ്റുകൾ കടന്നു വന്ന ബസിൽ എങ്ങനെ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ കഴിഞ്ഞുവെന്നാണ് സംശയം.
ആറുമാസം മുമ്പ് ചിക്കമംഗളൂരുവിൽ എത്തിയ തമിഴ്നാട് ബസിലും ഇത്തരത്തിൽ ദാവൂദ് സംഘത്തെ പിന്തുണയ്ക്കുന്ന സ്റ്റിക്കറുകൾ കണ്ടെത്തിയിരുന്നു.

