കൊല്ലം ; ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു .യു എ ഇ സമയം വൈകിട്ട് അഞ്ചരയോടെ ദുബായ് വിമാനത്താവളത്തിൽ നിന്നാണ് മൃതദേഹം കേരളത്തിലേയ്ക്ക് അയച്ചത് . വിപഞ്ചികയുടെ അമ്മയും മറ്റ് ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു. രാത്രി 12 മണിയോടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. രാവിലെ ഷാർജയിൽ എംബാംമിംഗ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം ദുബായിൽ എത്തിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മൃതദേഹം റീ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി . കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്മോർട്ടം നടത്തുക. വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.മകൾ വൈഭവിയുടെ സംസ്ക്കാരം രണ്ട് ദിവസം മുൻപ് ഷാർജയിൽ നടത്തിയിരുന്നു.
വിപഞ്ചിക (33) യെയും മകൾ വൈഭവിയെയും രണ്ടാഴ്ച്ച മുൻപ് ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . എംബിഎ ബിരുദധാരിയായ വിപഞ്ചിക ഷാർജയിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായിരുന്നു. 2020 നവംബറിൽ കോട്ടയത്തുള്ള നിധീഷിനെ വിപഞ്ചിക വിവാഹം കഴിച്ചു. വിവാഹശേഷം ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം ഷാർജയിലായിരുന്നു താമസം. ആദ്യ ദിവസം മുതൽ തന്നെ കടുത്ത പീഡനത്തിനും അപമാനത്തിനും വിധേയയായതായി വിപഞ്ചിക ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്നു.
ഷാർജയിൽ നടന്ന കുറ്റകൃത്യത്തിൽ ഫലപ്രദമായ അന്വേഷണം വേണമെന്നാണ് വിപഞ്ചികയുടെ കുടുംബം ആവശ്യപ്പെടുന്നത് . . തന്റെ ഭർതൃവീട്ടുകാർക്കെതിരെ വിപഞ്ചിക പങ്കിട്ട ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായെന്നും പരാതിയിൽ ആരോപിക്കുന്നു. മരണശേഷം കാണാതായ അവരുടെ ഫോണും ലാപ്ടോപ്പും എവിടെയെന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

