ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രാൻസ്വുമൺ അരുണിമയും. വയലാർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി അരുണിമയുടെ നാമനിർദേശ പത്രിക സ്വീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം അരുണിമയുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതോടെ അനിശ്ചിതത്വം അവസാനിച്ചു. അരുണിമ എം കുറുപ്പ് കെ.എസ്.യു ജനറൽ സെക്രട്ടറിയും ട്രാൻസ്ജെൻഡർ കോൺഗ്രസിന്റെ സംസ്ഥാന രക്ഷാധികാരിയുമാണ്
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതുമുതൽ, അരുണിമ വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും ഇരയായി. എല്ലാ രേഖകളിലും തന്നെ സ്ത്രീയായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അരുണിമ പ്രതികരിച്ചെങ്കിലും, നാമനിർദ്ദേശ പത്രികയിൽ അനിശ്ചിതത്വം നിലനിന്നു. വയലാർ ഡിവിഷൻ ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള വനിതാ സംവരണ സീറ്റാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ ട്രാൻസ്ജെൻഡറായ അമയ പ്രസാദിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.

