ഡബ്ലിൻ: ഡബ്ലിനിലെ ഭവനരഹിതർ അയർലൻഡിലെ മൊത്തം ഭവനരഹിതരുടെ 70 ശതമാനത്തോളം വരുമെന്ന് വ്യക്തമാക്കി ഫോക്കസ് അയർലൻഡിന്റെ റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷത്തെ കണക്കെടുത്താൽ അടിയന്തിര താമസ സൗകര്യം പ്രയോജനപ്പെടുത്തുന്ന കുടുംബങ്ങളുടെ എണ്ണം 131.6 ശതമാനം വർധിച്ചു. ഈ വർഷം ജൂണിൽ മാത്രം 1626 കുടുംബങ്ങളാണ് താമസസൗകര്യത്തിനായി രജിസ്റ്റർ ചെയ്തത്. 2014 മുതലുള്ള പത്ത് വർഷക്കാലത്തെ കണക്കുകൾ പരിശോധിച്ചാൽ അടിയന്തിര താമസ സൗകര്യങ്ങളിലുളള കുടുംബങ്ങളുടെ എണ്ണത്തിൽ 629.1 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.
2021 മുതൽ അടിയന്തര താമസ സൗകര്യങ്ങളിൽ കഴിയുന്ന അവിവാഹിതരുടെ എണ്ണം 61.4 ശതമാനവും 2014 മുതൽ 306.2 ശതമാനവും വർദ്ധിച്ചു.2021 മുതൽ അടിയന്തര താമസ സൗകര്യങ്ങളിലെ കുട്ടികളുടെ ആശ്രിതരുടെ എണ്ണം 117 ശതമാനം വർധിച്ചിട്ടുണ്ട്. 2014 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഈ വർധനവ് 546.6 ശതമാനം ആണ്.
ഈ വർഷം രണ്ടാം പാദത്തിൽ 52 ശതമാനം പേർ 12 മാസത്തിലധികം അടിയന്തര താമസ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി. 2022 ൽ ഇത് 32 ശതമാനമായിരുന്നു. 26 ശതമാനം കുടുംബങ്ങളും രണ്ട് വർഷത്തിലേറെയായി അടിയന്തിര താമസ സൗകര്യങ്ങളിൽ കഴിഞ്ഞു.

