ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് ഇനി സുപ്രീം കോടതി വൈസ് ചാൻസലർമാരെ നിയമിക്കും. വിരമിച്ച സുപ്രീം കോടതി ജഡ്ജി സുധാൻഷു ധൂലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റികളോട് അടുത്ത ബുധനാഴ്ചയോടെ ഓരോ പേര് വീതം നൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. സർക്കാരും ഗവർണറും സമവായത്തിലെത്താത്തതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.
മന്ത്രിമാരായ ആർ ബിന്ദുവും പി രാജീവും ഗവർണറുമായി ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു . ഇരുകൂട്ടരും സമവായത്തിലെത്തണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം നടന്നത്.
ഡോ. സജി ഗോപിനാഥിനെ ഡിജിറ്റൽ സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിക്കണമെന്ന നിലപാടിൽ മന്ത്രിമാർ ഉറച്ചുനിന്നു, പക്ഷേ ഗവർണർ ഡോ. സിസ തോമസിനെ നിയമിക്കണമെന്ന് നിർബന്ധിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രി തന്നോട് നേരിട്ട് ചർച്ച നടത്താത്തതിലും ഗവർണർ അതൃപ്തി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി തിരുവനന്തപുരത്തില്ലെന്നായിരുന്നു മന്ത്രിമാരുടെ മറുപടി.
സിസ തോമസിനെ കാര്യക്ഷമതയില്ലാത്തവളെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ കുറിപ്പിനെയും ഗവർണർ ചോദ്യം ചെയ്തു. സിസ തോമസിനെ നേരത്തെ മുഖ്യമന്ത്രിയുടെ ഇലക്ട്രോണിക്സ്, ഐടി വകുപ്പിലെ വിദഗ്ദ്ധ സമിതികളിൽ നിയമിച്ചത് അവരുടെ കഴിവുകളിൽ വിശ്വാസമുള്ളതുകൊണ്ടാണ്. പിന്നീട് അവരെ വിസിയായി പരിഗണിക്കുമ്പോൾ എതിർപ്പുകൾ ഉന്നയിക്കുന്നതിൽ വൈരുദ്ധ്യമുണ്ട്. മുഖ്യമന്ത്രി നൽകിയ പേരുകൾ അതേപടി അംഗീകരിക്കാൻ കഴിയില്ല. പലരുടേയും യോഗ്യത പരിഗണിക്കാത്തതിന് മുഖ്യമന്ത്രിയെ ഗവർണർ കുറ്റപ്പെടുത്തി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുൻഗണനാ ക്രമം നിശ്ചയിച്ച് ലിസ്റ്റ് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയതായാണ് മന്ത്രിമാർ മറുപടി നൽകിയത്.
സാങ്കേതിക സർവകലാശാലയിൽ ഡോ. സതീഷ് കുമാറിനെയും ഡിജിറ്റലിൽ ഡോ. സജി ഗോപിനാഥിനെയും മുഖ്യമന്ത്രി ശുപാർശ ചെയ്തു. സിസയെ നിയമിക്കരുതെന്ന് അദ്ദേഹം പ്രത്യേക കുറിപ്പും നൽകി. എന്നാൽ, സാങ്കേതിക സർവകലാശാലയിൽ ഡോ. ബിന്ദുവിനെ വിസിയായും ഡിജിറ്റലിൽ ഡോ. സിസയെ ഡിജിറ്റലിൽ വിസിയായും നിയമിക്കാമെന്ന് ഗവർണർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

