തൃശൂർ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കേസിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ പന്തൽഗുഡി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നാഗരാജൻ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
ബാലമുരുകനെ കണ്ടെത്താനുള്ള അന്വേഷണം ക്യു ബ്രാഞ്ച് ഏറ്റെടുത്തു. നവംബർ 3 ന് രാത്രിയാണ് ബാലമുരുകൻ രക്ഷപെട്ടത്. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. രാത്രിയിൽ തിരച്ചിലിനിടെ ബാലമുരുകനെ കേരള പോലീസ് പിടികൂടിയെങ്കിലും, പ്രതി ചതുപ്പിലൂടെ രക്ഷപ്പെട്ടു. മതിയായ സുരക്ഷയില്ലാതെ ബാലമുരുകനെ കൊണ്ടുവന്നതായും ആരോപണമുണ്ട്. ബാലമുരുകൻ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൈവിലങ്ങില്ലാതെ പോലീസിനൊപ്പം നടക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
മാത്രമല്ല ബാലമുരുകൻ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ചും തമിഴ്നാട് പോലീസ് തെറ്റായ വിവരങ്ങളാണ് നൽകിയത് . കറുത്ത ഷർട്ടും വെള്ള മുണ്ടും ധരിച്ചിരുന്നതായാണ് തമിഴ്നാട് പോലീസ് പറഞ്ഞത് . എന്നാൽ, ദൃശ്യങ്ങളിൽ ബാലമുരുകൻ ഇളം നീല ഷർട്ടാണ് ധരിച്ചിരുന്നത്. പാലക്കാട് ആലത്തൂരിലെ ഒരു ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
തമിഴ്നാട്ടിലെ കടയം സ്വദേശിയായ ബാലമുരുകൻ (44), കവർച്ച, കൊലപാതകശ്രമം എന്നിവയുൾപ്പെടെ 53 കേസുകളിൽ പ്രതിയാണ്. മുമ്പ് സമാനമായ രീതിയിൽ തമിഴ്നാട് പോലീസിന്റെ പിടിയിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നു. അന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇയാൾ രക്ഷപ്പെട്ടത്. കേരള പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം വിയ്യൂർ ജയിലിലായിരുന്നു ബാലമുരുകൻ . ഇതിനിടെ തമിഴ്നാട്ടിലെ ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി മടങ്ങുന്നതിനിടെയാണ് ഇയാൾ ജയിൽ ചാടിയത്.

