പാലക്കാട്: കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ലോട്ടറി ടിക്കറ്റുകൾ തമിഴ്നാട്ടിൽ വിറ്റാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് . കേരള ലോട്ടറികളുമായി തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നവരെ കണ്ടെത്താനായി വാളയാറിൽ തമിഴ്നാട് പോലീസ് പരിശോധന ശക്തമാക്കി . ലോട്ടറികളുമായി വരുന്ന എല്ലാ വാഹനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
തമിഴ്നാട്ടിലെ ജനങ്ങൾക്ക് കേരള ലോട്ടറി വിൽക്കാൻ വാളയാറിൽ നിരവധി ലോട്ടറി കടകളുണ്ട്. ഇവിടെ എപ്പോഴും തിരക്കാണ്. ബമ്പർ ടിക്കറ്റ് വാങ്ങാൻ വരുന്നവരിൽ ഭൂരിഭാഗവും കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. തിരുപ്പൂർ, ഈറോഡ്, സേലം ജില്ലകളിൽ നിന്നുള്ളവരും സ്ഥിരം ഉപഭോക്താക്കളാണ്. ചിലർ ചില്ലറ വിൽപ്പനയ്ക്കായി ലോട്ടറി ടിക്കറ്റുകൾ എടുക്കുന്നു. എന്നാൽ ലോട്ടറി നിരോധിച്ച തമിഴ്നാട്ടിൽ, ലോട്ടറി ടിക്കറ്റുകൾ കൈവശം വയ്ക്കുന്നതും വിൽക്കുന്നതും നിയമവിരുദ്ധമാണ്.
ലോട്ടറിക്കെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നെങ്കിലും, വിജയ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വാഹന പരിശോധന ശക്തമാക്കി. പിടിക്കപ്പെട്ടാൽ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കും. വാളയാറിലെ പോലീസ് ഔട്ട്പോസ്റ്റിൽ എല്ലാ വാഹനങ്ങളും പരിശോധിക്കും. വ്യാഴാഴ്ച കോയമ്പത്തൂരിൽ എത്തിയ തമിഴ്നാട് ബസിൽ നിന്ന് ലോട്ടറി ടിക്കറ്റുകളുമായി നാലുപേരെ പിടികൂടിയിരുന്നു.

