തൃശൂർ : കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ സുഗതൻ തൃശൂരിലെ വിയ്യൂർ ജയിലിൽ നിന്ന് മോചിതനായി . ഭാര്യ അശ്വതി കാപ്പ റദ്ദാക്കിയ ഉത്തരവുമായി ജയിലിൽ എത്തിയതിനു പിന്നാലെയാണ് സുഗതൻ പുറത്തിറങ്ങിയത് . സ്വീകരിക്കാൻ കാവിഷാളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും, ബിജെപി പ്രവർത്തകരുമെത്തിയിരുന്നു. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും ഷാൾ അണിയിച്ചുമാണ് സ്നേഹം പ്രകടിപ്പിച്ചത്.
ഇതൊരു രാഷ്ട്രീയ കേസാണെന്ന് എല്ലാവർക്കും അറിയാമെന്നും , ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് കേസ് ചുമത്തിയതെന്നും പുറത്തിറങ്ങിയ ശേഷം സുഗതൻ പറഞ്ഞു . ഒരു പൊലീസുകാരൻ വിചാരിച്ചാൽ അകത്ത് കിടക്കും എന്നതിന്റെ തെളിവാണിത്. ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇതുവരെ ഇടപെട്ടിട്ടുള്ളൂ. സംഘടനയ്ക്കും, ജനങ്ങക്കും വേണ്ടി ഇനിയും ജയിലിൽ പോകാൻ തയ്യാറാണ് . താൻ ഇല്ലാതിരുന്ന സമയത്ത് തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടിയാണ് . എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും സുഗതൻ പറഞ്ഞു.

