തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി റസൂൽ പൂക്കുട്ടി ചുമതലയേറ്റു. നടി കുക്കു പരമേശ്വരനാണ് പുതിയ വൈസ് ചെയർമാൻ. അമൽ നീരദ്, ശ്യാം പുഷ്കരൻ, നിഖില വിമൽ, സിതാര കൃഷ്ണകുമാർ, സുധീർ കരമന, ബി രാഗേഷ് എന്നിവരുൾപ്പെടെ 26 അംഗങ്ങളാണ് പുതിയ ഭരണസമിതിയിലുള്ളത്. സംവിധായകൻ രഞ്ജിത്തിന്റെ ഒഴിവിലേയ്ക്കാണ് റസൂൽ പൂക്കുട്ടി എത്തുക.
തിങ്കളാഴ്ച സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ഡിസംബറിൽ ഐഎഫ്എഫ്കെയും നടക്കും.ചലച്ചിത്ര അക്കാദമി ചെയർമാനായി താൽക്കാലികമായി ചുമതലയേറ്റ നടൻ പ്രേംകുമാർ ചടങ്ങിൽ പങ്കെടുത്തില്ല.
മുമ്പ് താൻ ഗുരുക്കന്മാരായി കരുതിയിരുന്ന മുതിർന്ന വ്യക്തികൾ വഹിച്ച പദവി ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. അധികാരത്തിലേക്കുള്ള ഒരു കവാടമായി തന്റെ സ്ഥാനം കാണില്ലെന്നും അദ്ദേഹം പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം എന്നതാണ് പ്രധാനം. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിനു കാരണം അക്കാദമി ആണ്. ചലച്ചിത്ര അക്കാദമിയിലെ അക്കാദമിക്സ് എന്ന ഭാഗത്തിന് കൂടി ഊന്നൽ കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

