ന്യൂഡൽഹി : മോദി സർക്കാരിന്റെ ബജറ്റ് ഇന്ത്യയുടെ യഥാർത്ഥ പ്രശ്നങ്ങളെ അവഗണിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി . പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ വിസമ്മതിക്കുന്ന ബജറ്റാണിതെന്നും രാഹുൽ ട്വിറ്ററിൽ പറയുന്നു.
“തൊഴിലില്ലാത്ത യുവാക്കൾ. ഉൽപ്പാദനം കുറയുന്നു. നിക്ഷേപകർ മൂലധനം പിൻവലിക്കുന്നു. ഗാർഹിക സമ്പാദ്യം അതിവേഗം കുറയുന്നു. കർഷകർ ദുരിതത്തിലാണ് – എല്ലാം അവഗണിക്കപ്പെടുന്നു. പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ വിസമ്മതിക്കുന്ന ബജറ്റ് ഇന്ത്യയുടെ യഥാർത്ഥ പ്രതിസന്ധികളെ അവഗണിക്കുന്നു.” രാഹുൽ കുറിച്ചു.
ബജറ്റ് ദിശാബോധമില്ലാത്തതാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു . ദരിദ്രർക്കും സ്ത്രീകൾക്കും കർഷകർക്കും , പട്ടികജാതി, പട്ടികവർഗ, ഒബിസികൾക്കും എതിരായ ബജറ്റാണിതെന്ന് അവർ പറഞ്ഞു. വിദ്യാഭ്യാസ സബ്സിഡികൾ വെട്ടിക്കുറച്ചതായും സമ്പദ്വ്യവസ്ഥ പാളം തെറ്റിയതായും മമത പറഞ്ഞു. ഓഹരി വിപണിയിലെ തകർച്ചയെ ഉദ്ധരിച്ച് സാമ്പത്തിക ഇടനാഴി പ്രഖ്യാപനം നുണയാണെന്നും അവർ പറഞ്ഞു.
ബിജെപിയിൽ യാതൊരു പ്രതീക്ഷയും അർപ്പിക്കേണ്ടതില്ലെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് പറഞ്ഞു. തിരഞ്ഞെടുത്ത ചിലർക്ക് പ്രയോജനം ചെയ്യുന്നതിനാണ് ബജറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾക്കായി ഈ ബജറ്റിൽ വ്യക്തമായ വ്യവസ്ഥകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ സംസ്ഥാനത്തോട് വിവേചനം കാണിക്കുകയാണെന്ന് മന്ത്രി പി. രാജീവ് ആരോപിച്ചു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പൂർണ്ണമായും അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഇത് നിരാശാജനകമാണ്. കേരളത്തോട് പൂർണ്ണമായും വിവേചനം കാണിക്കുന്നു. ഞങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ ഒട്ടും കണക്കിലെടുക്കുന്നില്ല” അദ്ദേഹം പറഞ്ഞു.മിക്ക സംസ്ഥാനങ്ങളും കേന്ദ്ര ഫണ്ടിന്റെ 50% ആവശ്യപ്പെട്ടിരുന്നു, എന്നാൽ ബജറ്റിൽ 41% മാത്രമേ നൽകിയിട്ടുള്ളൂ, ഇത് സംസ്ഥാനങ്ങൾക്ക് അങ്ങേയറ്റം നിരാശാജനകമാണെന്ന് ഡിഎംകെ എംപി കനിമൊഴി പറഞ്ഞു.

