തൃശൂർ ; തൃശൂരിനെ പൂരത്തിമർപ്പിൽ ആറാടിച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ. പാലക്കാട് ബിജെപി പൊതസമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് മോദി തൃശ്ശൂരിലെത്തിയത് . ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ ഇറങ്ങിയ മോദി , തുറന്ന ജീപ്പിൽ റോഡ്ഷോയായാണ് സ്വരാജ് റൗണ്ട് സമ്മേളന വേദിയിലേക്ക് എത്തിയത്.
എൻഡിഎ സ്ഥാനാർത്ഥികളായ സി.സി. മുകുന്ദൻ, പത്മജ വേണുഗോപാൽ, കെ.കെ. അനീഷ്കുമാർ എന്നിവർ അദ്ദേഹത്തോടൊപ്പം റോഡ്ഷോയിൽ പങ്കെടുത്തു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും റോഡ്ഷോയുടെ ഭാഗമായിരുന്നു.
900 മീറ്ററിലധികം നീണ്ട റോഡ് ഷോയിൽ വിവിധ സ്ഥലങ്ങളിൽ പ്രധാനമന്ത്രിക്കായി ബിജെപി പ്രവർത്തകർ വിവിധ കലാരൂപങ്ങളുടെ പ്രകടനങ്ങൾ സംഘടിപ്പിച്ചു. രണ്ടര വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ മൂന്നാമത്തെ തൃശ്ശൂർ സന്ദർശനമാണിത്. പാലക്കാട് നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരളത്തിൽ വരാനിരിക്കുന്ന മാറ്റത്തെക്കുറിച്ച് പരാമർശിച്ചു.
എൻഡിഎയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും ബിജെപിയിലുള്ള ജനങ്ങളുടെ വിശ്വാസവും പ്രധാനമന്ത്രി മോദി സൂചിപ്പിച്ചു. ബിജെപി തിരഞ്ഞെടുപ്പിൽ എ-ടീമാണെന്നും എൽഡിഎഫുമായോ യുഡിഎഫുമായോ സഖ്യമുണ്ടാക്കാൻ ബി-ടീമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ലൈംഗികാതിക്രമ കേസുകളിൽ നേരത്തെ പിടിക്കപ്പെട്ട പാലക്കാട് എംഎൽഎയ്ക്കെതിരെയും പ്രധാനമന്ത്രി നിശിതമായ വിമർശനം നടത്തി.

