മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം-എസ്ഡിപിഐ ഇടപാട് നടന്നുവെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ . തിരൂരിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവേ, ഇത്തരം ആരോപണങ്ങൾ നുണയാണെന്നും രാഷ്ട്രീയ നേട്ടങ്ങൾക്കായി യുഡിഎഫ് നുണകൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ തുടർഭരണം ഗിമ്മിക്കുകളിലൂടെ നേടിയെടുത്തതല്ലെന്നും ജനങ്ങൾ ഭരണം വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം എല്ലാ മേഖലകളിലും പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി. പൊതുവിദ്യാഭ്യാസത്തിലെ പരിഷ്കാരങ്ങൾ, ആരോഗ്യ മേഖലയിലെ വളർച്ച, സാമൂഹിക സുരക്ഷാ പദ്ധതികളുടെ വിപുലീകരണം എന്നിവയാണ് പ്രധാന നേട്ടങ്ങൾ. യുവാക്കൾക്കും വികസനത്തിനും അനുകൂലമായ അന്തരീക്ഷം സർക്കാർ സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രവാസികൾക്ക് ശക്തമായ പിന്തുണ നൽകിയിട്ടുണ്ടെന്നും ‘ അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് എൻആർഐ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ആദ്യമായി പ്രവാസികളെ ക്ഷേമ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത് ഇടതുപക്ഷ സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മിൽ ധാരണയുണ്ടായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ആരോപിച്ചത് . കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവെ, കരാർ പരസ്യമായ രഹസ്യമാണെന്നും മുഖ്യമന്ത്രി അതിൽ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല . പല സ്ഥലങ്ങളിലും എസ്ഡിപിഐ സ്ഥാനാർത്ഥികൾ സിപിഎമ്മിന്റെ സ്ഥാനാർത്ഥികളാണെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾ പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

