തിരുവനന്തപുരം : നെയ്യാറ്റിൻകര ഗോപന്റെ മുഖത്തും , മൂക്കിലും, തലയിലുമായി നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . ലിവർ സിറോസിസും, വൃക്കയിൽ സിസ്റ്റുമടക്കം ഒട്ടേറെ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൃദയധമനികളിൽ 75 ശതമാനത്തിലേറെ ബ്ലോക്കുണ്ട്. ശരീരത്തിലെ ചതവുകൾ മരണകാരണമായിട്ടില്ലെന്നാണ് റിപ്പോർട്ട് . രാസപരിശോധന ഫലം വന്നാല്‍ മാത്രമേ കൃത്യമായ മരണകാരണം സ്ഥിരീകരിക്കാനാകുകയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു.
തലയിൽ കരുവാളിച്ച പാടുകൾ ഉള്ളതായി നേരത്തെ തന്നെ ഡോക്ടർമാർ അറിയിച്ചിരുന്നു. ശ്വാസകോശത്തിൽ ഭസ്മം നിറഞ്ഞതായി കണ്ടത് മക്കൾ സമാധി ഇരുത്തിയപ്പോൾ ഉള്ളിലായാതാണെന്നും സംശയങ്ങൾ ഉണ്ടായിരുന്നു.നെഞ്ച് വരെ കർപ്പൂരവും , ഭസ്മവും സുഗന്ധദ്രവ്യങ്ങൾ പൂശിയാണ് മക്കൾ ഗോപനെ കല്ലറയിൽ ഇരുത്തിയത് .
അതിനിടെ ഗോപന്റെ പേരിൽ വലിയ ക്ഷേത്രം പണിത് ഉത്സവം നടത്തുമെന്ന് പൂജയ്ക്ക് നേതൃത്വം നൽകുന്ന മകൻ രാജസേനൻ പറഞ്ഞിരുന്നു.