ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തിന്റെ കണക്കുകൾ പുറത്ത് വിടില്ലെന്ന് റഷ്യ . ചില ചതിയന്മാരിൽ നിന്ന് ഇക്കാര്യങ്ങൾ മറച്ചു വയ്ക്കുമെന്നാണ് യുഎസിനെ ലക്ഷ്യം വച്ച് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞത്. ഒരു ആഴ്ചയിൽ 22 ദശലക്ഷം ബാരൽ എണ്ണ ഇന്ത്യയ്ക്ക് നൽകാൻ റഷ്യയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അറബിക്കടലിൽ നിന്ന് ബംഗാൾ ഉൾക്കടലിലേക്ക് നിരവധി ടാങ്കറുകൾ നീങ്ങുന്നതായി കാണിക്കുന്ന ദൃശ്യങ്ങൾ നേരത്തെ റഷ്യൻ സ്റ്റേറ്റ് ടിവി പുറത്തുവിട്ടിരുന്നു . ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള ഒരു ശുദ്ധീകരണശാലയിലേക്കാണ് ഈ ടാങ്കറുകൾ പോയതെന്ന് റിപ്പോർട്ടുണ്ട്. യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെയും ഇറാന്റെ പ്രതികാര ആക്രമണങ്ങളെയും തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതം ഏതാണ്ട് തടസ്സപ്പെട്ടതിനാൽ, ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള അസംസ്കൃത എണ്ണ വിതരണം വർദ്ധിപ്പിക്കാൻ തന്റെ രാജ്യം തയ്യാറാണെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് പറഞ്ഞിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഇറാനെതിരായ ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങൾക്ക് ശേഷം, മിഡിൽ ഈസ്റ്റിൽ മുഴുവൻ കടുത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. ഇത് ലോകമെമ്പാടുമുള്ള എണ്ണ വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് . അതുകൊണ്ടാണ് റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ റിഫൈനറികൾക്ക് യുഎസ് താൽക്കാലികമായി 30 ദിവസത്തെ ഇളവ് നൽകിയത്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങരുതെന്ന വ്യവസ്ഥയിൽ ഇന്ത്യയുമായി യുഎസ് ഒരു വ്യാപാര കരാറിൽ ഒപ്പുവച്ചിരുന്നു . എന്നാൽ അതിനു പിന്നാലെയാണ് സംഘർഷമുണ്ടായതും, ഇന്ത്യയ്ക്ക് യുഎസ് ഇളവ് നൽകിയതും.

