.ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിലെ ആദ്യ പരാതിക്കാരി നീതി തേടി സുപ്രീം കോടതിയിൽ. രാഹുലിന്റെ ജാമ്യം നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുവതി സുപ്രീം കോടതിയിൽ ഹർജി നൽകി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി കേസിന്റെ മിനി-ട്രയൽ നടത്തിയെന്നും ഇത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും നിയമസഭാ അംഗമായി തുടരുകയാണ്. അദ്ദേഹത്തിന് കോൺഗ്രസ് പാർട്ടിയുടെ പിന്തുണ ഇപ്പോഴും ലഭിക്കുന്നുണ്ട് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ടവരുടെ പിന്തുണയും ലഭിക്കുന്നുണ്ട്.
കേസ് അന്വേഷണത്തിലാണെന്നും പരാതിക്കാരിക്കെതിരായ ആരോപണങ്ങൾ അനുചിതമാണെന്നും അത് റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു . പ്രായപൂർത്തിയാകാത്ത ഒരു ഇര ഉൾപ്പെടെ പത്ത് പേരെ രാഹുൽ പീഡിപ്പിച്ചതായി ഹർജിയിൽ ആരോപിക്കുന്നു. രാഹുൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നും എംഎൽഎയ്ക്കെതിരെ നീങ്ങാൻ തീരുമാനിച്ചതിനെത്തുടർന്ന് തന്റെ ജീവന് നിരന്തരം ഭീഷണിയുണ്ടെന്നും ഹർജിയിൽ പറയുന്നു.

