തൃശൂർ: ഏറെക്കുറെ അടഞ്ഞ അദ്ധ്യായമെന്ന് സംസ്ഥാന സർക്കാർ തന്നെ കരുതിയിരുന്ന കെ റെയിൽ പദ്ധതിയിൽ അനുകൂല നിലപാടുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ റെയിലിൽ തുടർ നടപടികൾക്ക് കേന്ദ്രം സന്നദ്ധമാണ്. കേന്ദ്ര സർക്കാർ ഫെഡറലിസത്തിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി എരുമേലി ശബരി പാതയ്ക്കും കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. മഹാരാഷ്ട്രയിൽ നടപ്പാക്കിയ മാതൃകയിൽ അങ്കമാലി എരുമേലി ശബരി പാത നടപ്പാക്കാനാണ് ശ്രമിക്കുന്നത്. എറണാകുളം – ഷൊർണൂർ പാത ഒഴികെ മുഴുവൻ മേഖലകളിലും സാങ്കേതിക നിലവാരം വർധിപ്പിക്കാൻ ശ്രമം നടന്നുവെന്നും കേന്ദ്ര മന്ത്രി തൃശൂരിൽ പറഞ്ഞു.
അതേസമയം, എറണാകുളം കോട്ടയം തിരുവനന്തപുരം മൂന്ന് വരി പാതയ്ക്ക് 14% ഭൂമി മാത്രമാണ് സംസ്ഥാനം ഏറ്റെടുത്ത് നൽകിയതെന്ന് കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന് കൂടുതൽ മെമു അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്രത്തിൽ നിന്നും അനുകൂല നിലപാട് ലഭിച്ചതോടെ, സംസ്ഥാനം കെ റെയിലിനായി പുതിയ പദ്ധതി പരിഷ്കരണങ്ങളുമായി രംഗത്ത് വരുമോ എന്നതാണ് ചോദ്യം. മുന്നറിയിപ്പ് ഇല്ലാതെ സർവേ ആരംഭിച്ചതും ജനങ്ങളോട് ധാർഷ്ട്യത്തോടെ പെരുമാറി, അവരുടെ ആശങ്ക പരിഹരിക്കാതെ സർവേക്കല്ലുകൾ സ്ഥാപിച്ചതുമായിരുന്നു പദ്ധതിക്ക് ജനം എതിരാകാനുള്ള പ്രധാന കാരണം. കേന്ദ്രത്തിൽ നിന്നും അനുകൂല നിലപാട് ലഭിച്ചതോടെ പന്ത് വീണ്ടും സംസ്ഥാനത്തിന്റെ കോർട്ടിൽ എത്തിയിരിക്കുകയാണ്.