കോർക്ക്: കോർക്കിലെ ഫോട്ട വൈൽഡ്ലൈഫ് പാർക്ക് വിടാനൊരുങ്ങി ഏഷ്യൻ സിംഹക്കുട്ടികൾ. ഫോട്ടയിലെ പാർക്കിൽ നിന്നും കാന്റർബറിയിലെ വിൻഹാം വൈൽഡ് ലൈഫ് പാർക്കിലേക്കാണ് മൂന്ന് സിംഹക്കുട്ടികളെ കൊണ്ടുപോകുക. അതിനാൽ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമാണ് അയർലൻഡിലെ സന്ദർശകർക്ക് ഇവയെ കാണാനാകുക.
ആര്യ എന്ന പെൺ സിംഹത്തിനും യാലി എന്ന ആൺ സിംഹത്തിനും 2024 ജൂണിലാണ് ഈ സിംഹക്കുട്ടികൾ ജനിച്ചത്. തിയോ, രാകേഷ്, തോർ എന്നാണ് ഇവരുടെ പേര്. ഇഇപി പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിൽ നിന്നും ഏഷ്യൻ സിംഹങ്ങളെ ഇവിടേയ്ക്ക് എത്തിച്ചത്. ഇഇപി പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവയെ വിൻഹാമിലേക്ക് മാറ്റുന്നതും.
അതേസമയം സിഹക്കുട്ടികളെ മാത്രമല്ല ജയ് എന്ന ഇന്ത്യൻ കാണ്ടാമൃഗത്തെയും വിൻഹാമിലേക്ക് മാറ്റും. അയർലൻഡിൽ ആദ്യമായി ജനിച്ച ഇന്ത്യൻ കാണ്ടാമൃഗമാണ് ജയ്.

