ആലപ്പുഴ: സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് മുൻ മന്ത്രി ജി. സുധാകരനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നു. സിപിഎമ്മുമായുള്ള ബന്ധം വിച്ഛേദിച്ചാണ് സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുന്നത്. സൈബർ ഇടങ്ങളിലും സുധാകരൻ കടുത്ത വിമർശനം നേരിടുന്നുണ്ട്. സുധാകരന്റെ വീടിനടുത്ത് പ്രതിഷേധ ബാനറുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്വന്തം സമുദായത്തെ വഞ്ചിച്ച വർഗ വഞ്ചകനാണെന്നാണ് പോസ്റ്ററുകളിൽ പറയുന്നത് . ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനറുകൾ സ്ഥാപിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് പുന്നപ്ര പോലീസ് അദ്ദേഹത്തിന്റെ വീടിന് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
വി.എസ്.അച്യുതാനന്ദന്റെ വേലിക്കകത്ത് വീടിനു പരിസരത്തെ വീടുകളുടെ മതിലിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. എന്നാൽ സുധാകരനെ വർഗവഞ്ചകനെന്ന് വിളിച്ചുള്ള പോസ്റ്ററുകൾ പാർട്ടിയുടെ അറിവോടേയല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ . നാസർ പറഞ്ഞു.
സുധാകരന്റെ നിലപാട് ഉണ്ടാക്കിയ ബുദ്ധിമുട്ടിൽ ആരെങ്കിലും ചെയ്തതാകാം . പോസ്റ്റർ ഒട്ടിച്ചത് തെറ്റാണെന്നും നാസർ പറഞ്ഞു. അമ്പലപ്പുഴ ഏരിയ കമ്മിറ്റിയ്ക്ക് കീഴിലെ എല്ലാ ലോക്കൽ കമ്മിറ്റികളും ഇന്നലെ വിളിച്ചു ചേർത്തു. നാളെ വൈകിട്ട് പറവൂരിൽ പാർട്ടി ഏരിയ കമ്മിറ്റിയുടെ കീഴിൽ റാലിയും, പൊതുസമ്മേളനവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ദീർഘകാലം പാർട്ടിയിൽ നിന്ന് വിട്ടുനിന്ന ശേഷം ഇന്നലെയാണ് സുധാകരൻ നിർണായക പ്രഖ്യാപനം നടത്തിയത് . അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും പാർട്ടിയുടെ തത്വങ്ങളും പ്രത്യയശാസ്ത്രവും ഉപേക്ഷിച്ചിട്ടില്ലെന്നും ആരിൽ നിന്നും പിന്തുണ തേടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ലെന്നും എവിടെയും പ്രസംഗിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.

