കൊച്ചി : പരിപാടിയ്ക്കിടെ കുഴഞ്ഞുവീണ അവതാരകൻ രാജേഷ് കേശവിന്റെ ആരോഗ്യ നിലയിൽ പുരോഗതി . പത്ത് ദിവസത്തിന് ശേഷം വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിയ്ക്കിടെയാണ് രാജേഷ് കുഴഞ്ഞു വീണത് . ഉടൻ തന്നെ അദ്ദേഹത്തെ മരടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഴഞ്ഞ് വീണതിന് പിന്നാലെ രാജേഷിന് ഹൃദയാഘാതം ഉണ്ടായെന്നും , തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും ഡോക്ടർമാർ അറിയിച്ചു. ഇതിന് ശേഷമാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.
നിലവിൽ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം സാധാരണ നിലയിലാണ്. കൂടാതെ സ്വയം ശ്വാസമെടുക്കാനും തുടങ്ങി . ക്രിട്ടിക്കൽ കെയർ, കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോഎൻട്രോളജി, ഒഫ്താൽമോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരടങ്ങിയ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്.

