കൊച്ചി : ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് തെളിവുണ്ടോയെന്ന് ചോദിച്ച് ഹൈക്കോടതി . മുൻ ദേവസ്വം ബോർഡ് കമ്മീഷണർ എൻ. വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി വിമർശനം ഉന്നയിച്ചത് . 1998-ൽ ശ്രീകോവിലിന്റെ വാതിലുകളുടെ ചട്ടക്കൂട്ടുകൾ സ്വർണ്ണം കൊണ്ട് പൊതിഞ്ഞിരുന്നു എന്ന വസ്തുത തെളിയിക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോ എസ്ഐടിക്കോ കഴിഞ്ഞിട്ടില്ല.
വാതിൽ ചട്ടക്കൂട്ടുകളിൽ നിന്നാണ് സ്വർണ്ണം വേർതിരിച്ചെടുത്തതെന്ന് പറഞ്ഞ സ്മാർട്ട് ക്രിയേഷൻസിന്റെ സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി മാത്രമാണ് സർക്കാർ സമർപ്പിച്ചത്. മറ്റ് രേഖകൾ ആവശ്യപ്പെട്ട കോടതി ആവശ്യമായ രേഖകൾ ഇല്ലാതെ കേസ് എങ്ങനെ നിലനിൽക്കുമെന്നും ചോദ്യമുന്നയിച്ചു.
കട്ടിളപ്പാളി ചെമ്പ് പൊതിഞ്ഞതാണെന്ന് എൻ വാസു ജാമ്യപേക്ഷയിൽ പറഞ്ഞിരുന്നു.യഥാർത്ഥത്തിൽ സ്വർണ്ണപ്പാളികളായിരുന്നോ അവയെന്നത് നിർണ്ണായക ചോദ്യമാണെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ കുറ്റം ചെയ്തിട്ടുണ്ടോയെന്നതൊക്കെ വിചാരണക്കോടതിയുടെ പരിധിയിൽ വരുന്ന കാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

