ചെന്നൈ ; നെല്ലായി പാളയംകോട്ടൈയിലെ സർക്കാർ എയ്ഡഡ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിനികൾ മദ്യസത്ക്കാരം നടത്തി. ആറ് പെൺകുട്ടികൾ ചേർന്ന് മദ്യപിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
വിദ്യാർത്ഥികൾ യൂണിഫോമിൽ ഒരു ക്ലാസ് മുറിയിൽ ഒരുമിച്ച് ഇരിക്കുന്നതും , കൈകളിൽ മദ്യം നിറച്ച ഗ്ലാസ്സുകൾ പിടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം . തുടർന്ന്, ഒരു വിദ്യാർത്ഥി ചിയേഴ്സ് പറയുന്നു. പിന്നാലെ എല്ലാ വിദ്യാർത്ഥികളും അവരുടെ ഗ്ലാസ്സുകൾ ഉയർത്തുന്നതുമാണ് വീഡിയോ.
പാളയംകോട്ടൈയുടെ പരിസര പ്രദേശങ്ങളിൽ നിന്നുള്ള ധാരാളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സ്കൂൾ വിദ്യാഭ്യാസ വകുപ്പും സ്കൂൾ മാനേജ്മെന്റ് ബോർഡും അന്വേഷണം നടത്തി.
സ്കൂളിലെ 9-ാം ക്ലാസിലെ ചില വിദ്യാർത്ഥികൾ മദ്യം കഴിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിപ്പിച്ച ശേഷം, 6 വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്തു. കൂടാതെ, ഈ വിദ്യാർത്ഥികൾ എങ്ങനെയാണ് മദ്യശാലയിൽ പോയി മദ്യം വാങ്ങിയത്? അത് എങ്ങനെയാണ് സ്കൂൾ പരിസരത്ത് കൊണ്ടുവന്നത്? എന്നതിനെ പറ്റി അന്വേഷണം നടത്തുന്നുണ്ട്.

