ബെംഗളൂരു: സിനിമാ സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഭർത്താവും നിർമ്മാതാവുമായ ഹർഷവർദ്ധന്റെ നിർദ്ദേശപ്രകാരം ചൈത്രയെ ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം. ചൈത്രയുടെ സഹോദരി പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകി.
ചൈത്രയും ഹർഷവർധനും 2023-ലാണ് വിവാഹിതരായത് . കഴിഞ്ഞ എട്ട് മാസമായി ഇരുവരും വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഒരു വയസ്സുള്ള മകളോടൊപ്പം മഗഡി റോഡിലെ ഒരു വാടക വീട്ടിലായിരുന്നു നടി താമസിച്ചിരുന്നത്. ഈ മാസം 7-ന് മൈസൂരിലേക്ക് ഷൂട്ടിംഗിനായി പോകുമെന്ന് ചൈത്ര വീട്ടുകാരോട് പറഞ്ഞിരുന്നു.
ചൈത്രയെ തട്ടിക്കൊണ്ടുപോകാൻ ഹർഷവർദ്ധൻ തന്റെ സഹായി കൗശിക്കിന് 20,000 രൂപ അഡ്വാൻസ് നൽകിയിരുന്നു എന്നാണ് പരാതിയിൽ പറയുന്നത് . തുടർന്ന് കൗശിക് മറ്റൊരു കൂട്ടാളിയുടെ സഹായത്തോടെ ചൈത്രയെ മൈസൂർ റോഡ് മെട്രോ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. നടി അവിടെ എത്തിയപ്പോൾ അവർ ബലമായി കാറിൽ കയറ്റി കൊണ്ടുപോയി. തുടർന്ന് ഹർഷവർദ്ധൻ ചൈത്രയുടെ അമ്മയെ വിളിച്ച് ചൈത്രയെ കാണാതായതിൽ തന്റെ പങ്ക് വെളിപ്പെടുത്തി. ചൈത്രയെ തിരികെ വേണമെങ്കിൽ തന്റെ കുട്ടിയെ കൊണ്ടുവരണമെന്നും ഹർഷവർദ്ധൻ ആവശ്യപ്പെട്ടു. ഇതോടെ കുടുംബം പോലീസിൽ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

