കഴക്കൂട്ടം : ഐടി ജീവനക്കാരിക്ക് നേരെ ഹോസ്റ്റല്‍ മുറിയില്‍ അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. ലോറി ഡ്രൈവർ മധുര സ്വദേശി 45 കാരനായ ബെഞ്ചമിനെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞത്. ഇന്ന് നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
താന്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയിരുന്നതായി ബെഞ്ചമിന്‍ പോലീസിനോട് പറഞ്ഞു. കേരളം തനിക്ക് ഇഷ്ടപ്പെട്ടെന്നും ഇനിയും വരാന്‍ പദ്ധതി ഇട്ടിരുന്നതായും പ്രതിയുടെ വെളിപ്പെടുത്തലുണ്ട്. കേരളത്തില്‍ ആദ്യമായാണ് എത്തിയതെന്ന് പ്രതി പറഞ്ഞു.
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയത്. മോഷണം നടത്തുന്നതിനായാണ് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിൽ എത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പ്രദേശത്തെ മറ്റ് വീടുകളിൽ പ്രതി മോഷണത്തിനായി കയറുന്ന CCTV ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. ഒരു വീട്ടില്‍നിന്ന് തൊപ്പിയും മറ്റൊരു വീട്ടില്‍നിന്ന് ഹെഡ്ഫോണും പ്രതി എടുത്തു.പ്രതിയെ മധുരയില്‍ നിന്നും സാഹസികമായാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്. തമിഴ്നാട്ടിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നതാണ് ഇയാളുടെ സ്ഥിരം രീതിയെന്നും പോലീസ് പറയുന്നു. കൃത്യം നടത്തിയതിന് ശേഷം ഇയാൾ ആറ്റിങ്ങലിലേക്ക് പോയതായും അവിടെ നിന്ന് മധുരയിലേക്ക് കടക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച കഴക്കൂട്ടത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് യുവതി പീഡനശ്രമത്തിന് ഇരയായത്. ഹോസ്റ്റലിലെ മുറിയില്‍ അതിക്രമിച്ചു കയറി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ഞെട്ടി ഉണര്‍ന്ന് പ്രതിരോധിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഭയന്നുപോയ യുവതി രാവിലെയാണ് ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിച്ചത്. ഹോസ്റ്റല്‍ അധികൃതര്‍ ഉടന്‍തന്നെ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് യുവതി കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതിയും നല്കി.
വൈദ്യപരിശോധനക്ക് വിധേയയാക്കിയശേഷം യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. സ്റ്റേഷനിലെ മറ്റ് നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.

