കൊച്ചി : പശ്ചിമേഷ്യയിലെ അസ്ഥിരമായ സ്ഥിതിഗതികളിൽ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . സംഘർഷഭരിത മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഒരു ഇന്ത്യക്കാരനും ഒറ്റയ്ക്കല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കലൂരിൽ 10,800 കോടി രൂപയുടെ വികസന പദ്ധതിയുടെ ഉദ്ഘാടന വേളയിൽ, ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിൽ അവരുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഉത്കണ്ഠ സ്വാഭാവികമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ ഘട്ടങ്ങളിൽ അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് സാധ്യമാക്കാൻ ബിജെപി-എൻഡിഎ സർക്കാർ സജ്ജമാണെന്നും വ്യക്തമാക്കി.
“ഇന്നത്തെ ഇന്ത്യ ഒരിക്കലും തങ്ങളുടെ പൗരന്മാരെ ഒരു പ്രതിസന്ധിയിൽ ഉപേക്ഷിക്കില്ല.” എന്ന് പറഞ്ഞ പ്രധാനമന്ത്രി ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ രക്ഷപ്പെടുത്തിയതും, യെമനിൽ തീവ്രവാദികളുടെ പിടിയിൽ നിന്ന് ഫാദർ ടോമിനെ മോചിപ്പിച്ചതും, അഫ്ഗാനിസ്ഥാനിൽ നിന്ന് ഫാദർ അലക്സിസ് പ്രേം കുമാറിനെ സുരക്ഷിതമായി തിരിച്ചെത്തിച്ചതും പ്രസംഗത്തിൽ പരാമർശിച്ചു . യുദ്ധത്തിൽ കുടുങ്ങിയവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ സർക്കാർ നിലവിൽ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026 മാർച്ച് 8 വരെ, പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടയിൽ ഏകദേശം 67,000 ഇന്ത്യൻ പൗരന്മാർ ഈ മേഖലയിൽ നിന്ന് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങി. ടെഹ്റാനിലെ ഇന്ത്യൻ എംബസി പൂർണ്ണമായും പ്രവർത്തനക്ഷമമാണ് . വിദ്യാർത്ഥികൾക്കും മറ്റ് പൗരന്മാർക്കും ആവശ്യമായ സഹായം നൽകുന്നുണ്ട്. ബിസിനസ്സ് ആവശ്യങ്ങൾക്കായി ഇറാനിലുണ്ടായിരുന്ന ഇന്ത്യൻ പൗരന്മാരെ അർമേനിയയിലേക്ക് കടക്കാനും നാട്ടിലേക്ക് മടങ്ങാനും സഹായിച്ചു“ എന്നും പ്രധാനമന്ത്രി പറഞ്ഞു.

