തൃശൂർ: മണ്ഡല വ്രതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്കൂളിലെത്തിയ വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കിയതായി പരാതി. അളഗപ്പ നഗർ പഞ്ചായത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെയാണ് പ്ലസ് ടു സയൻസ് ക്ലാസിൽ നിന്ന് പുറത്താക്കിയത് .
യൂണിഫോം ധരിച്ചാൽ മാത്രമേ ക്ലാസിൽ ഇരിക്കാൻ കഴിയൂ എന്നായിരുന്നു ക്ലാസ് ടീച്ചറുടെയും സ്റ്റാഫ് സെക്രട്ടറിയുടെയും നിലപാട്.വിദ്യാർത്ഥികൾ വീട്ടിലെത്തി മാതാപിതാക്കളെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
വിവരമറിഞ്ഞ് ബിജെപി, കോൺഗ്രസ്, സിപിഎം പ്രവർത്തകർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ സ്കൂളിലെത്തി. വിദ്യാർത്ഥികളെ പുറത്താക്കിയ അധ്യാപകർ മാപ്പ് പറയണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. പുതുക്കാട് എസ്എച്ച്ഒ ആദം ഖാന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ വിദ്യാർത്ഥികൾക്ക് കറുത്ത വസ്ത്രം ധരിക്കാൻ അനുവദിക്കാൻ സ്കൂൾ അധികൃതർ സമ്മതിച്ചതിനെത്തുടർന്നാണ് പ്രശ്നം പരിഹരിച്ചത്.

