തിരുവനന്തപുരം : അന്തരിച്ച മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് രാഷ്ട്രത്തിന്റെ ആദരം. മരണാനന്തരബഹുമതിയായി പദ്മവിഭൂഷൺ പ്രഖ്യാപിച്ചു . മെഗാസ്റ്റാർ മമ്മൂട്ടിയ്ക്കും, വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ പുരസ്ക്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ശർമ്മയും, ഹർമൻപ്രീത് കൗറും പത്മശ്രീയ്ക്ക് അർഹരായി .കെ.ടി. തോമസിനും, പി. നാരായണനും പത്മവിഭൂഷൺ ലഭിച്ചു
കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം തുടങ്ങിയ വിവിധ മേഖലകളിൽ അസാധാരണമായ സേവനം കാഴ്ചവെച്ച വ്യക്തികളെയാണ് രാജ്യം ആദരിക്കുന്നത്.
ഈ വർഷം അഞ്ച് പേർക്ക് പത്മവിഭൂഷണും 13 പേർക്ക് പത്മഭൂഷണും 114 പേർക്ക് പത്മശ്രീയും ലഭിച്ചു. ചലച്ചിത്ര നടൻ ധർമ്മേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണും, ജാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിനായുള്ള പ്രസ്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച നേതാവായ ഷിബു സോറന് മരണാനന്തര ബഹുമതിയായി പത്മഭൂഷണും ലഭിച്ചു. പത്മഭൂഷൺ ലഭിച്ചവരിൽ മഹാരാഷ്ട്ര മുൻ ഗവർണർ ഭഗത് സിംഗ് കോഷ്യാരിയും ഉൾപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ നിന്ന് എട്ട് പേർക്കും, തമിഴ്നാട്ടിൽ നിന്ന് 13 പേർക്കും, ബംഗാളിൽ നിന്ന് 11 പേർക്കും, അസമിൽ നിന്ന് 5 പേർക്കും ഉത്തർപ്രദേശിൽ നിന്ന് 11 പേർക്കും മഹാരാഷ്ട്രയിൽ നിന്ന് 16 പേർക്കും പത്മ അവാർഡുകൾ ലഭിച്ചു.

