ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിഎംകെ.
“ഉയർന്ന പദവിയിലിരിക്കുന്ന ഗ്യാനേഷ് കുമാർ ജനാധിപത്യവിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ തിരഞ്ഞെടുപ്പ് എങ്ങനെ നീതിയുക്തമാകും? അദ്ദേഹത്തെ തീർച്ചയായും നീക്കം ചെയ്യണം. സർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ പോരാടുക എന്നത് പൗരന്മാരുടെ അവകാശമാണ് . അതാണ് രാഹുൽ ഗാന്ധി ഇന്നലെ ചെയ്തത്. ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി പ്രതിഷേധിക്കുന്നത് ഈ സർക്കാരിന് ഇഷ്ടമല്ല . “ എന്നാണ് ഡി.എം.കെ. വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പറഞ്ഞത് .
തമിഴ്നാട്ടിൽ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ “മൗനത്തെ” ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം ഡി.എം.കെ. വക്താവ് ശരവണൻ അണ്ണാദുരൈ രംഗത്തെത്തിയിരുന്നു. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.പി. “സ്ഥിരതയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നു” എന്നാണ് അണ്ണാദുരൈ ആരോപിച്ചത് . തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ വിശാലമായ പ്രചാരണത്തിന് ലഭിച്ച അതേ ശ്രദ്ധ എന്തുകൊണ്ട് തമിഴ്നാട്ടിലെ സംഭവവികാസങ്ങൾക്ക് ലഭിച്ചില്ലെന്നും അണ്ണാദുരൈ ചോദിച്ചിരുന്നു.
ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ ആവിഷ്കരിക്കാൻ കഴിഞ്ഞ ആഴ്ച ചേർന്ന ‘ഇന്ത്യ’ ബ്ലോക്ക് യോഗത്തിൽ ഡിഎംകെ പങ്കെടുത്തിരുന്നില്ല. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുശേഷമാണ് പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഡിഎംകെ-കോൺഗ്രസ് സഖ്യം തകർന്നത് . സർക്കാർ രൂപീകരണത്തിൽ നടൻ വിജയിയുടെ ടിവികെയെ പിന്തുണയ്ക്കുന്നതിനായി കോൺഗ്രസ് ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ചത് കടുത്ത ഭിന്നതയ്ക്ക് വഴിയൊരുക്കി.

