മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസ്സുകാരൻ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്തുള്ള പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റ് ഹിറ അറീറയുടെയും നവാസിന്റെയും മകൻ എസെൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കൾ കുട്ടിയ്ക്ക് ചികിത്സ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കുട്ടി മരിച്ചുവെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് കോട്ടക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.
2024 ഏപ്രിൽ 1നാണ് ന് ഹിറ കുഞ്ഞിനെ വീട്ടിൽ പ്രസവിച്ചത്. കുഞ്ഞിന് ഇതുവരെ വാക്സിനേഷൻ നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സോഷ്യൽ മീഡിയ വഴി അക്യുപങ്ചർ ചികിത്സയെ മാതാപിതാക്കൾ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയ ചികിത്സാ രീതിയെ എതിർക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ അവർ പങ്കിട്ടതായും ആരോപണമുണ്ട്. കുഞ്ഞ് ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ശനിയാഴ്ച രാവിലെ മൃതദേഹം സംസ്കരിച്ചു. പാൽ കുടിച്ചതിനു പിന്നാലെ കുഞ്ഞ് കുഴഞ്ഞു വീണു മരിച്ചുവെന്നാണ് മാതാപിതാക്കൾ പറഞ്ഞത് .
മഞ്ഞപ്പിത്തം ചികിത്സിച്ച് മാറ്റാത്തതാണോ മരണകാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. പരാതിയുടെ പശ്ചാത്തലത്തിൽ കുട്ടിയുടെ മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തേണ്ടിവരും.

