കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ മയക്കുമരുന്ന് കേസിലെ ഫോറൻസിക് റിപ്പോർട്ട് പുറത്ത് . നടന്റെ രക്തസാമ്പിളുകളിൽ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . ഫോറൻസിക് പരിശോധനയിൽ അത് തെളിയിക്കാനായില്ല. ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്നലെയാണ് പുറത്തുവന്നത്. ഷൈനും സുഹൃത്തും ഒരു ഹോട്ടലിൽ മുറിയെടുത്ത് മയക്കുമരുന്ന് ഉപയോഗിച്ചുവെന്നാണ് കേസ്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ഹോട്ടലിൽ നിന്ന് ഓടി രക്ഷപെട്ടിരുന്നു. പിന്നീട് ഷൈനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
അതേസമയം, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോയ്ക്ക് പങ്കില്ലെന്ന് എക്സൈസ് വ്യക്തമാക്കിയിരുന്നു. കേസിൽ അറസ്റ്റിലായ തസ്ലീമ സുൽത്താനയുമായുള്ള സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കാൻ പോലീസ് ഷൈനെ ചോദ്യം ചെയ്തു. ഏപ്രിലിലാണ് രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയെ ആലപ്പുഴയിൽ നിന്ന് അറസ്റ്റ് ചെയ്തത് . സംഭവത്തിൽ തസ്ലീമയുടെ ഭർത്താവും അറസ്റ്റിലായി. ഭർത്താവ് സുൽത്താന് മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു.
സുൽത്താന് ചെന്നൈയിൽ ഒരു മൊബൈൽ ഷോപ്പ് ഉണ്ടെന്നും മലേഷ്യ പോലുള്ള സ്ഥലങ്ങൾ സന്ദർശിച്ച് സാധനങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. സുൽത്താൻ മലേഷ്യയിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് സൂചന . 25 പേരിൽ നിന്ന് എക്സൈസ് വകുപ്പ് മൊഴിയും ശേഖരിച്ചിരുന്നു. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നില്ലെന്നും തസ്ലീമയുമായി മയക്കുമരുന്ന് ഇടപാടുകളില്ലെന്നും ഷൈൻ ടോം ചാക്കോ നേരത്തെ വ്യക്തമാക്കിയിരുന്നു.

