തിരുവനന്തപുരം : ഇന്ത്യയിൽ ഇതാദ്യമായി സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയ മാറ്റ ശസ്ത്രക്രിയ . എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുക. അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം സ്വദേശി ഷിബുവിന്റെ (47) ഹൃദയം നേപ്പാൾ സ്വദേശിയായ ദുർഗ കാമിയിലിന് (23) മാറ്റിവയ്ക്കും.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ 10 മണിക്ക് ശസ്ത്രക്രിയ ആരംഭിച്ചു. ഹൃദയം ഉടൻ തന്നെ എയർ ആംബുലൻസിൽ കൊച്ചിയിലേക്ക് എയർലിഫ്റ്റ് ചെയ്യും. ആദ്യം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി കൊച്ചിയിലേക്ക് എയർലിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചുവെങ്കിലും ശസ്ത്രക്രിയ നീണ്ടുനിന്നതിനാൽ, മെഡിക്കൽ കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ എയർ ആംബുലൻസ് ഇറക്കി ഹൃദയം കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു . ശസ്ത്രക്രിയ ഇപ്പോൾ പുരോഗമിക്കുകയാണ്. ഹൃദയത്തിന് പുറമേ, ഷിബുവിന്റെ രണ്ട് വൃക്കകൾ, കരൾ, കണ്ണുകൾ, ചർമ്മം എന്നിവയും ദാനം ചെയ്യുന്നു. കിംസിലെ ഒരു രോഗിക്കാണ് ഒരു വൃക്കയും കരളും മാറ്റിവച്ചത്.
ഹൃദയ വാൽവും, കോർണിയയും രോഗികൾക്ക് കൈമാറുന്നതിനായി സൂക്ഷിക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുമ്പ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെങ്കിലും, ജില്ലാതല ആശുപത്രിയിൽ ഇത് ആദ്യമായാണ് നടത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ, സംസ്ഥാന സർക്കാരിന്റെ അവയവദാന പ്രക്രിയയെ ഏകോപിപ്പിക്കുന്ന കെ-സോട്ടോ, ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള ലൈസൻസ് എറണാകുളം ജനറൽ ആശുപത്രിക്ക് കൈമാറി. ശസ്ത്രക്രിയയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി സൂപ്രണ്ട് ഡോ. ഷാഹിർഷാ അറിയിച്ചു.
ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി എന്ന ഹൃദ്രോഗം ബാധിച്ച ദുർഗ ആറുമാസത്തിലേറെയായി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയും സഹോദരിയും ഇതേ രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു . അച്ഛനും നേരത്തെ മരിച്ചു. ഇപ്പോൾ സഹോദരൻ മാത്രമാണ് ഒപ്പമുള്ളത്. നേപ്പാളിലെ അനാഥാലയത്തിൽ വളർന്ന ദുർഗയ്ക്ക് അനാഥാലയത്തിലെ മലയാളിയാണ് കേരളത്തിലെ ചികിത്സയെക്കുറിച്ച് പറഞ്ഞത് . തുടർന്നാണ് ഇവിടേയ്ക്ക് എത്തിയത് .

