സന: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരോ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഓഫീസോ മധ്യസ്ഥതയ്ക്കായി തന്നെ സമീപിച്ചിട്ടില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൾ ഫത്താഹ് മഹ്ദി . ഒരു തരത്തിലുള്ള മധ്യസ്ഥ ചർച്ചകൾക്കും തങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇസ്ലാം സത്യത്തിന്റെ മതമാണെന്നും നുണകൾ പ്രചരിപ്പിക്കരുതെന്നും ഫത്താഹ് തന്റെ പോസ്റ്റിൽ പറഞ്ഞു.‘ മധ്യസ്ഥ ശ്രമങ്ങളുമായി സഹകരിക്കില്ല. നീതി മാത്രമേ ആവശ്യമുള്ളൂ . ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല. ഇത് ഞങ്ങളുടെ രക്തമാണ്, ഞങ്ങളുടെ അവകാശമാണ്. പ്രകോപനത്തിനും സത്യത്തെ വളച്ചൊടിക്കുന്നതിനും ഇടമില്ല ‘ – ഫത്താഹ് മഹ്ദി പറഞ്ഞു.
മലയാളം ചാനലുകളിലെ വാർത്തകളുടെ സ്ക്രീൻഷോട്ടുകൾ മഹ്ദിയുടെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തലാലിന്റെ സഹോദരൻ കഴിഞ്ഞ ദിവസം നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരുന്നു. അതേസമയം, തലാലിന്റെ വധശിക്ഷ മാറ്റിവച്ചതിന്റെ ക്രെഡിറ്റ് ചിലർ ഏറ്റെടുക്കാൻ ശ്രമിച്ചതായും തനിക്ക് ക്രെഡിറ്റ് വേണ്ടെന്നും കാന്തപുരം നേരത്തെ പറഞ്ഞിരുന്നു.

