തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല മുതിർന്ന നേതാവ് എൻ. ശക്തന് . പാലോട് രവി രാജിവച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം. പാലോട് രവി പ്രാദേശിക കോൺഗ്രസ് നേതാവുമായി നടത്തിയ വിവാദ ഫോൺ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് രാജിക്ക് സമ്മർദ്ദം ഉയർന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസ് പുതിയ ഡിസിസി പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.
തിരുവനന്തപുരത്തെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി വൈസ് പ്രസിഡന്റുമാണ് എൻ. ശക്തൻ. ഈ സാഹചര്യത്തിൽ ജില്ലയിൽ നിന്നുള്ള നേതാവിനെ പരിഗണിച്ച ശേഷമാണ് എൻ. ശക്തന് ഈ ചുമതല നൽകാൻ നേതൃത്വം തീരുമാനിച്ചത്. പാലോട് രവിയുടെ രാജി ഇന്നലെ അംഗീകരിച്ചെങ്കിലും, പുതിയ ചുമതല ആർക്കൊക്കെ നൽകണമെന്ന് നേതൃത്വം തീരുമാനമെടുത്തിരുന്നില്ല. ജില്ലയ്ക്ക് പുറത്തുള്ള നേതാക്കളെ പരിഗണിക്കുന്ന കാര്യവും ചർച്ച ചെയ്യപ്പെട്ടു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തെത്തും. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പോടെ പാർട്ടി നശിക്കും. മുസ്ലീം വിഭാഗം മറ്റ് പാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കേരളത്തിലെ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ‘ഉപയോഗശൂന്യമായ സാധനമായി’ മാറുമെന്നൊക്കെയായിരുന്നു പാലോട് രവിയുടെ ഫോൺ സംഭാഷണം . ഇതിൽ പാലോട് രവിയും വിശദീകരണം നൽകി. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഒറ്റക്കെട്ടായി പോകാനുള്ള സന്ദേശം നൽകിയതാണെന്നും, മണ്ഡലങ്ങളിൽ ജാഗ്രത പാലിക്കാൻ പ്രവർത്തകനോട് പറഞ്ഞതാണെന്നുമായിരുന്നു പാലോട് രവിയുടെ വിശദീകരണം.

