കുന്ദമംഗലം : കുരുക്കത്തൂരിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. വീട്ടുടമ വിഷ്ണുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനും മനപ്പൂർവ്വമുള്ള നരഹത്യയ്ക്കുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
സ്ഫോടനം നടക്കുമ്പോൾ വീട്ടിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. വിഷ്ണുവിന്റെ സഹോദരൻ രാഹുലും രാമനാട്ടുകര സ്വദേശിയായ മറ്റൊരു രാഹുലുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ വിഷ്ണുവിനും ഒന്നരമാസം ഗർഭിണിയായ ഭാര്യ സിമിക്കും പരിക്കേറ്റിരുന്നു.
സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് കുന്ദമംഗലം പോലീസ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ആരോഗ്യനില ഗുരുതരമല്ല. ലൈസൻസിനായി അപേക്ഷ നൽകിയിരുന്നു എന്നാണ് വിഷ്ണു പോലീസിന് നൽകിയ മൊഴി.
പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സ്ഫോടനം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല. സ്ഫോടനത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വലിയ ശബ്ദമാണ് സ്ഫോടനത്തിന് പിന്നാലെ കേട്ടതെന്ന് നാട്ടുകാർ പറഞ്ഞു.

