കണ്ണൂർ: വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിൽ വലിയ ദ്വാരമാണുള്ളതെന്നും, ഇത് ദുരൂഹതയാണെന്നും ആരോപിച്ച് കോൺഗ്രസ് രംഗത്ത്. പേരാവൂർ മണ്ഡലത്തിൽ വീടുകളിലെ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിലെ ദ്വാരത്തിന്റെ പേരിലാണ് പേരാവൂർ സ്ഥാനാർത്ഥിയും എംഎൽഎയുമായ സണ്ണി ജോസഫ് പരാതി ഉന്നയിച്ചിരിക്കുന്നത് . ബാലറ്റ് പെട്ടിയിൽ വിരലുകൾ വയ്ക്കാൻ കഴിയുന്ന തരത്തിൽ ദ്വാരം എന്തിനാണ് ഉള്ളതെന്നും സണ്ണി ജോസഫ് ചോദിച്ചു.
ജില്ലാ പ്രിസൈഡിംഗ് ഓഫീസർ കൂടിയായ കളക്ടർ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ ശേഷം നടപടിയെടുക്കുമെന്ന് കരുതിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ബാലറ്റ് പെട്ടിയിലെ ദ്വാരത്തിന്റെ ചിത്രം കാണിച്ച് അദ്ദേഹം കളക്ടറോട് സംസാരിച്ചു. ദ്വാരം വളരെ വലുതാണെന്നും പരിഹാരം കണ്ടെത്തുമെന്നും പറയുന്നതിന് പകരം നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചത്. ഇക്കാര്യത്തിൽ കളക്ടർക്ക് ഉത്തരമില്ല. ഇത് മനഃപൂർവമാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും സണ്ണി ജോസഫ് ആരോപിച്ചു. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ നീതിയുക്തമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോ ഇടപെടണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

