കൊല്ലം : വള്ളിക്കാവിലെ അമൃതാനന്ദമയീ മഠം സന്ദർശിച്ച് നടൻ മോഹൻലാൽ . അന്തരിച്ച അമ്മാവൻ ഗോപിനാഥൻ നായരുടെ കുടുംബത്തെ കാണാനാണ് മോഹൻലാൽ അമൃതാനന്ദമയി മഠത്തിലെത്തിയത്. ആശ്രമത്തിലെ മുതിർന്ന അന്തേവാസികളിൽ ഒരാളായിരുന്നു അന്തരിച്ച ഗോപിനാഥൻ നായർ.
അമ്മാവന്റെ മരണസമയത്ത് വിദേശത്തായിരുന്നു മോഹൻലാൽ . വെള്ളിയാഴ്ച നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പം എത്തിയ മോഹൻലാലിനെ മുതിർന്ന സന്യാസിമാർ സ്വീകരിച്ചു. ഗോപിനാഥൻ നായരുടെ ഭാര്യ രാധാഭായി, മകൾ ഗായത്രി, മരുമകൻ രാജേഷ്, ചെറുമകൾ ദേവിക എന്നിവരെയും മോഹൻലാൽ സന്ദർശിച്ചു.
ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ജനറൽ മാനേജർ ഗോപിനാഥൻ നായരുടെ സംസ്കാരം മാതാ അമൃതാനന്ദമയിയുടെ മുഖ്യകാർമികത്വത്തിലാണ് നടന്നത്. ഗോപിനാഥൻ നായരാണ് നടന് ‘മോഹൻലാൽ’ എന്ന പേര് നൽകിയത്. മാതാ അമൃതാനന്ദമയിയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് മോഹൻലാൽ മടങ്ങിയത്.

