പാട്യാല : ഡ്രോണുകളും മറ്റ് മാർഗങ്ങളും ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്ന് ഹെറോയിൻ കള്ളക്കടത്ത് നടത്തുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. ഇത്തരത്തിൽ ഇന്ത്യയിലേയ്ക്ക് ഹെറോയിൻ കടത്താൻ ശ്രമിച്ച അജ്ഞാതനായ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ സൈനികർ വെടിവച്ചു കൊലപ്പെടുത്തി. ബിഎസ്എഫിന്റെ 142-ാം ബറ്റാലിയനിലെ സൈനികരാണ് ഖേംകരൺ അതിർത്തി മേഖലയിലെ ബോർഡർ പോസ്റ്റ് കാലിയയ്ക്കും നൂർ വാലയ്ക്കും ഇടയിൽ പ്രധാന ഓപ്പറേഷൻ നടത്തിയത്.
ദേശീയ അതിർത്തി കടന്ന് മുള്ളുവേലിക്ക് സമീപം എത്തിയ പാക് കള്ളക്കടത്തുകാരനാണ് കൊല്ലപ്പെട്ടത് . ഇയാൾക്കൊപ്പമുണ്ടായിരുന്ന പാകിസ്ഥാനികൾ ഓടി രക്ഷപെട്ടു. നിലവിൽ, വാൽട്ടോഹ പോലീസ് സ്റ്റേഷനിലെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടത്തിനായി പാട്ടി സിവിൽ ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റുകയും ചെയ്തു. ബിഎസ്എഫും പോലീസും അന്വേഷണം ആരംഭിച്ചു.
അതിർത്തിയിൽ ഡ്രോൺ സഞ്ചരിക്കുന്ന സംഭവങ്ങളും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഗോതമ്പ് വിളവെടുപ്പിന് മുമ്പ് പാകിസ്ഥാൻ കള്ളക്കടത്തുകാർ അതിർത്തിയിലൂടെ കഴിയുന്നത്ര ഹെറോയിൻ കടത്താൻ ശ്രമിക്കാറുണ്ട്. പാകിസ്ഥാൻ കള്ളക്കടത്തുകാരും തീവ്രവാദികളും അതിർത്തി കടന്ന് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ സൈനികരുടെ ജാഗ്രത കാരണം പാകിസ്ഥാൻ തീവ്രവാദികളുടെ തന്ത്രങ്ങൾ പലപ്പോഴും പരാജയപ്പെടുകയും അതിർത്തിയിൽ വെച്ച് അവർ പിടിയിലാകുകയും ചെയ്യുന്നുണ്ട്.

