കൊച്ചി : ഉമ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി.
വെന്റിലേറ്ററിൽ നിന്നും മാറ്റി. എങ്കിലും അപകട നില പൂർണ്ണമായി തരണം ചെയ്തിട്ടില്ല.
ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
അപകടം നടന്നു 6 ദിവസത്തിന് ശേഷമാണ് എം എൽ എ യെ വെന്റിലേറ്ററിൽ നിന്നും മാറ്റുന്നത്. തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സ തുടരുന്നത്. ഉമ തോമസ് മക്കളോടും ഡോക്ടർമാരോടും സംസാരിച്ചു.
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്ട്യം പരിപാടിയിൽ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽ നിന്നും വീണാണ് ഉമ തോമസ് എം.എൽ.എ.യ്ക്ക് പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഗാ ഭരതനാട്യം തുടങ്ങുന്നതിനു മുൻപ് വൈകീട്ട് ആറരയോടെയാണ് അപകടം നടന്നത്.
അതേസമയം വിവാദ നൃത്തപരിപാടിയുടെ പേരിൽ നടന്ന തട്ടിപ്പിൽ സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
എം എൽ എയ്ക്ക് പരിക്കേൽക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷൻ മാനേജിങ് ഡയറക്ടർ നിഗോഷ് കുമാറാണ് ഒന്നാം പ്രതി.