തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കേസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് സർക്കാരിനെ വിമർശിച്ച നടി പാർവതി തിരുവോത്തിന് മറുപടിയുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ രംഗത്തെത്തി.
‘ചിലർ ഈ വിഷയത്തിൽ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു. മുഖ്യമന്ത്രി പ്രത്യേക താൽപ്പര്യത്തോടെയാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. സിനിമാ നയത്തിനായി അടുത്ത മാസം ഒരു കോൺക്ലേവ് വിളിക്കും. ചിലർക്ക് ഇതൊന്നും അറിയാത്തതല്ല . എന്നിട്ടും ചില അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നു. സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ പത്രസമ്മേളനം വിളിക്കും,’ സജി ചെറിയാൻ വ്യക്തമാക്കി.
കേസ് അവസാനിപ്പിക്കാനുള്ള വാർത്ത വന്നതിന് ശേഷം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പാർവ്വതിയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനെയും അവർ വാർത്തയിൽ ടാഗ് ചെയ്തിരുന്നു.
‘ഈ കമ്മിറ്റി രൂപീകരിച്ചതിന്റെ യഥാർത്ഥ കാരണത്തിൽ ഇനി നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം? സിനിമാ വ്യവസായത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന നയങ്ങൾ നടപ്പിലാക്കുകയാണോ? CMO എന്താണ് ചെയ്യുന്നത്? അതിൽ എന്താണ് സംഭവിക്കുന്നത്? തിരക്കുകൂട്ടേണ്ട, റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമേ ആയിട്ടുള്ളൂ,’എന്നായിരുന്നു പാർവ്വതി പോസ്റ്റ്.
കേസിൽ മൊഴി നൽകിയവർക്ക് തുടർ നടപടികളുമായി കൂടുതൽ മുന്നോട്ട് പോകാൻ താൽപ്പര്യമില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ പോലീസ് തീരുമാനിക്കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം 35 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 21 എണ്ണം നേരത്തെ ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 14 എണ്ണം അവസാനിപ്പിച്ച് ഈ മാസം തന്നെ കോടതികളിൽ റിപ്പോർട്ട് സമർപ്പിക്കും.

