തിരുവല്ല: മൂന്നാമത്തെ ലൈംഗികാതിക്രമ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു . തിരുവല്ല മജിസ്ട്രേറ്റ് കോടതി ജസ്റ്റിസ് അരുന്ധതി ദിലീപിന്റേതാണ് നടപടി . പ്രതിഭാഗം തിങ്കളാഴ്ച ഹർജി നൽകും. വെള്ളിയാഴ്ച അടച്ചിട്ട കോടതി മുറിയിൽ രണ്ട് മണിക്കൂർ വിശദമായ വാദം കേട്ടു. കേസിൽ പ്രോസിക്യൂഷന് വേണ്ടി എം ജി ദേവി ഹാജരായി.
ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന് വാദിച്ചുകൊണ്ട് പ്രതിഭാഗം ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയിരുന്നു. എന്നാൽ കോടതി, പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്തു. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും ഇപ്പോൾ സമാനമായ നിരവധി ആക്രമണ കേസുകളിൽ പ്രതിയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
എന്നാൽ ആവശ്യപ്പെടുമ്പോൾ എപ്പോഴും കോടതിയിൽ ഹാജരാകുന്ന വ്യക്തിയാണ് രാഹുലെന്നും ഈ കേസ് കോടതിയിൽ നിലനിൽക്കില്ലെന്നുമാണ് രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാർ ഇന്നലെ വാദിച്ചത്. . എന്നാൽ പ്രോസിക്യൂഷൻ പ്രതി സാക്ഷികളെ സ്വാധീനിക്കാനും വാദിയെ ഭീഷണിപ്പെടുത്താനുമുള്ള സാധ്യത ഉയർത്തിക്കാട്ടിയാണ് ജാമ്യാപേക്ഷയെ എതിർത്തത്.

