മുംബൈ : മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ രസമലായ് ട്രോളുകളും നിറയുകയാണ് . തമിഴ്നാട് ബിജെപി നേതാവ് അണ്ണാമലൈയെ പ്രശംസിച്ചും, എം എൻ എസ് അധ്യക്ഷൻ രാജ് താക്കറെയെ പരിഹസിച്ചുമാണ് ട്രോളുകൾ.
ഇരുവരും തമ്മിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ വാക്കുതർക്കത്തിൽ നിന്നാണ് ഈ ട്രെൻഡ് ഉടലെടുത്തത്. ബിജെപി എംപിമാരായ പിസി മോഹനും തേജസ്വി സൂര്യയും ഇക്കാര്യത്തിൽ താക്കറെയെ വിമർശിച്ചു. ബിഎംസി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, മുംബൈ നഗരം മഹാരാഷ്ട്രയുടെ മാത്രം സ്വന്തമല്ലെന്നും, ഒരു അന്താരാഷ്ട്ര നഗരമാണെന്നും അണ്ണാമലൈ പറഞ്ഞിരുന്നു.
ഇതിന്റെ പേരിൽ രാജ് താക്കറെ അണ്ണാമലൈയെ രസമലായ് എന്ന് വിളിച്ച് പരിഹസിച്ചു. “തമിഴ്നാട്ടിൽ നിന്ന് ഒരു രസമലായ് മുംബൈയിൽ വന്നിട്ടുണ്ട്. നിങ്ങൾക്ക് ഇവിടെ എന്ത് ബന്ധമാണുള്ളത്? ഹട്ടാവോ ലുങ്കി, ബജാവോ പുങ്കി എന്ന പരിഹാസവും അദ്ദേഹം നടത്തി. ഇത് തമിഴരെ അപമാനിക്കുന്നതാണെന്ന് അണ്ണാമലൈ പറഞ്ഞു. “ഞാൻ മുംബൈയിലേക്ക് വരാം. എന്റെ കാലുകൾ വെട്ടിമാറ്റൂ, “ എന്നും അണ്ണാമലൈ രാജ് താക്കറെയെ വെല്ലുവിളിച്ചു
ഇത്തരം പരാമർശങ്ങൾ നടത്തുന്ന പാർട്ടികളുമായി രാഷ്ട്രീയ വേദി പങ്കിടാൻ ഡിഎംകെ തീരുമാനിച്ചത് അതിശയകരമാണെന്നും അണ്ണാമലൈ പറഞ്ഞു. കഴിഞ്ഞ ദിവസം താക്കറെ സഹോദരന്മാർ തെരഞ്ഞെടുപ്പിൽ തോറ്റടിഞ്ഞതോടെ രസമലായ് ട്രോളുകൾ വീണ്ടും ഉയർന്നു.
“കുറച്ച് രസ്മല ഓർഡർ ചെയ്തു. #BMCResults” എന്നാണ് ബെംഗളൂരു സെൻട്രലിൽ നിന്നുള്ള ബിജെപി എംപി പിസി മോഹൻ, എക്സിൽ രസ്മലയുടെ ചിത്രങ്ങൾ പങ്ക് വച്ച് കുറിച്ചത്. ബാംഗ്ലൂർ സൗത്തിൽ നിന്നുള്ള ബിജെപി എംപി തേജസ്വി സൂര്യ, “ബിഎംസി തിരഞ്ഞെടുപ്പിൽ ബിജെപി മുംബൈയ്ക്ക് രസമലായ് വിജയം” എന്നാണ് കുറിച്ചത്.

