തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോർഡിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകമായ ക്രമക്കേടുകളും പുറത്തുവന്നതായി റിപ്പോർട്ട്. ‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന രഹസ്യ ഓപ്പറേഷനിലൂടെയാണ് വിജിലൻസ് വൻ ക്രമക്കേടുകൾ കണ്ടെത്തിയത്. പരിശോധന നടത്താതെ കരാറുകാരൻ കമ്മീഷൻ രൂപത്തിൽ കൈക്കൂലി വാങ്ങുകയും ബിൽ മാറ്റുകയും ചെയ്യുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി.
41 ഉദ്യോഗസ്ഥർ അക്കൗണ്ടുകൾ വഴി മാത്രം 16.5 ലക്ഷം രൂപയുടെ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടത്തിയ കരാർ ജോലികൾ വിജിലൻസ് പരിശോധിച്ചു. ടെൻഡർ ഒഴിവാക്കാൻ വലിയ കരാർ ജോലികൾ ചെറിയ തുകകളുടെ ജോലികളായി തിരിച്ചിരുന്നതായും കണ്ടെത്തി.
ക്വട്ടേഷൻ വഴി ഇഷ്ടപ്പെട്ടവർക്ക് കരാർ നൽകുന്ന രീതി മിക്ക ഓഫീസുകളിലും പിന്തുടരുന്നുണ്ടെന്നും വിജിലൻസ് കണ്ടെത്തി. വർഷങ്ങളായി ഒരേ വ്യക്തിക്ക് വ്യത്യസ്ത ജോലികൾക്ക് കരാർ നൽകുന്ന പക്ഷപാതപരമായ നിലപാടും കണ്ടെത്തി. ലോഗ് ബുക്കുകളിലും കരാർ അടിസ്ഥാനത്തിൽ എടുത്ത വാഹനങ്ങളുടെ ഉപയോഗത്തിലും വലിയ തോതിലുള്ള ക്രമക്കേടുകൾ ഉണ്ട്.
കരാർ ജോലികളുമായി ബന്ധപ്പെട്ട ഫയലുകൾ ശരിയായി പരിപാലിക്കുന്നില്ല. കൂടാതെ, നിയമങ്ങൾ അനുസരിച്ച് സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ പലയിടത്തും ലഭ്യമല്ല. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെയും കൃത്യമായ രേഖകൾ സൂക്ഷിക്കാതെയും കരാർ ജോലികൾ നൽകുന്ന കെഎസ്ഇബി നടപടിക്രമം വലിയ സാമ്പത്തിക ക്രമക്കേടുകൾക്ക് കാരണമാകുന്നുവെന്നും വിജിലൻസ് പറഞ്ഞു.

