കയറിന്റെയും, കായലിന്റെയും നാട് , ആലപ്പുഴ . കേരളം കാണാനെത്തുന്ന വിദേശികൾ ഒരിക്കലും നഷ്ടപ്പെടുത്താത്ത ഇടമാണ് ആലപ്പുഴയും, കുട്ടാനാടുമൊക്കെ. ഒരു വശത്ത് അറബിക്കടലും മറുവശത്ത് വേമ്പനാട് കായലും അതിരിടുന്ന ആലപ്പുഴയുടെ വിധി നിർണ്ണയിക്കുന്നത് സാധാരണക്കാരായ ജനങ്ങൾ തന്നെ.ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ ആലപ്പുഴ നഗരസഭയും ആര്യട്, മണ്ണഞ്ചേരി, മാരാരിക്കുളം സൗത്ത്, മാരാരിക്കുളം നോർത്ത് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കൂട്ടുകെട്ടുകളും കൂട്ടുവെട്ടലുമെല്ലാം പലതരത്തിൽ രാഷ്ട്രീയ നിറങ്ങളെ മാറ്റിവരച്ചു. 1957 ൽ സിപിഐയുടെ ടി വി തോമസാണ് ആലപ്പുഴയെ ആദ്യം പ്രതിനിധീകരിച്ചത്. കേരളത്തിന്റെ ആദ്യ വ്യവസായ മന്ത്രിയായ കമ്യുണിസ്റ്റ് നേതാവ് ടി.വി. തോമസിന്റെ ചരിത്രമൊന്നും ആലപ്പുഴക്കാര് മറക്കില്ല. കോണ്‍ഗ്രസിലെ നഫീസത്ത് ബീവിയെയാണ് തോൽപിച്ചത്.
1960 ൽ നഫീസത്ത് ബീവിയാണ് ആലപ്പുഴയിൽ നിന്ന് നിയമസഭയിൽ എത്തിയത്. 65ലും ടി.വി. തോറ്റു. അന്ന് കോണ്‍ഗ്രസിലെ ജി. ചിദംബര അയ്യര്‍ക്കായിരുന്നു ജയം. രണ്ടു തവണ ടി.വിയെ കൈയ്യൊഴിഞ്ഞ ആലപ്പുഴക്കാര് 67ല്‍ ടി.വിയെ വീണ്ടും നിയമസഭയിലെത്തിച്ചു.ഇത് 70ലും തുടര്‍ന്നു. 1977 , 1980 കാലങ്ങളിൽ പികെ വാസുദേവൻ നായർ ജയിച്ചു കയറി.
1982 ൽ എൻ ഡിപിയുടെ കെ പി രാമചന്ദ്രൻ നായരും,1987 ൽ റോസമ്മ പുന്നൂസും, 1991 ൽ വിജയമ്മയും നിയമസഭയിലെത്തി. 2001 ൽ കോൺഗ്രസിന്റെ കെ സി വേണുഗോപാലും, 2009 ൽ എ എ ഷുക്കൂറും, 2011 ൽ തോമസ് ഐസക്കും ,2021 ൽ ചിത്തരഞ്ജനും ആലപ്പുഴയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.
കന്നിയങ്കത്തിനിറങ്ങിയ സി.പി.എമ്മിലെ പിപി. ചിത്തരഞ്ജൻ അന്ന് 73,412 വോട്ടുകൾ നേടി 11,644 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി ഡോ. കെ.എസ്. മനോജിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മനോജിന് 61,768 വോട്ടുകൾ ലഭിച്ചു. ബി.ജെ.പിയിലെ സന്ദീപ് വചസ്പതി 21,650 വോട്ട് നേടി.
ആലപ്പുഴയില്‍നിന്ന് ജയിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ആയവര്‍ ഏറെയാണ്.കെ.പി. രാമചന്ദ്രന് നായര്‍, കെ.സി. വേണുഗോപാല്‍, തോമസ് ഐസക്ക് എന്നിവരും ആലപ്പുഴയെ പ്രതിനിധീകരിച്ച് മന്ത്രിമാരായി. ടി.വിയെ അട്ടിമറിച്ച കോണ്‍ഗ്രസിലെ നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലുമെത്തിയിരുന്നു
ടൂറിസം മേഖലയുടെ നട്ടെല്ലാണ് ആലപ്പുഴ. എന്നാൽ ഇതേ ഭൂപ്രകൃതി തന്നെ വോട്ടർമാരിൽ വലിയ ആശങ്കകളും ഉണ്ടാക്കുന്നുണ്ട്. വെള്ളപ്പൊക്കം, ഡ്രൈനേജ് പ്രശ്നങ്ങൾ, കനാലുകളുടെ ശോച്യാവസ്ഥ, മാലിന്യ സംസ്കരണം, കടലാക്രമണം എന്നിവ ഇവിടുത്തെ വോട്ടർമാരുടെ പ്രധാന ചർച്ചാവിഷയങ്ങളാണ്.ഇപ്പോഴും ആലപ്പുഴയുടെ സ്ഥായിയായ പ്രശ്നം വെള്ളം തന്നെയാണ്. വേനൽ -മഴക്കാലം എന്നൊന്നില്ലാതെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാണ്. മഴക്കാലത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാകുന്നതും വീടുകളിലടക്കം വെള്ളം കേറുന്നതും ഇവിടത്തെ വെല്ലുവിളിയാണ്.
ഇത്തവണയും ആലപ്പുഴയെ പ്രതിനിധീകരിക്കുന്ന എൽ ഡി എഫ് സാരഥി ചിത്തരഞ്ജൻ തന്നെ . എൻ ഡി എയ്ക്കായി എം.ജെ ജോബും , യുഡിഎഫിനായി എ ഡി തോമസും മത്സരരംഗത്തുണ്ട്. കോൺഗ്രസ് ഏറെ പ്രതീക്ഷയോടേയാണ് ഇത്തവണ എ ഡി തോമസുമായി അങ്കത്തിനിറങ്ങിയിരിക്കുന്നത് . കേരളത്തിൽ മാറ്റം വരാൻ ആലപ്പുഴ ഒപ്പമുണ്ടാകുമെന്നാണ് ജോബ് പറയുന്നത് . എം എൽ എ എന്ന പദവി തനിക്ക് കരുത്താകുമെന്ന് ചിത്തരഞ്ജൻ ഉറച്ച് വിശ്വസിക്കുന്നു.
പ്രസംഗങ്ങളേക്കാൾ ഭരണത്തിലെ കാര്യക്ഷമതയ്ക്കാണ് വോട്ടർമാർ മാർക്കിടുന്നത് . ആലപ്പുഴയിലെ കാര്യവും വ്യത്യസ്തമല്ല. തങ്ങൾക്കായി മുന്നിൽ നിൽക്കുന്നവർ ആരാണോ അവർക്കൊപ്പം ഞങ്ങളുമുണ്ടെന്നാണ് ആലപ്പുഴക്കാരുടെ പക്ഷം .

