അഷ്ടമുടിക്കായലിന്റെ കാറ്റേറ്റ് കിടക്കുന്ന അതിമനോഹരമായ നാട് , കൊല്ലം . ചീനക്കടയും, ക്ലോക്ക് ടവറും , കക്കയും, കൊഞ്ചുമൊക്കെയായി കണ്ടാലും കണ്ടാലും മതി തീരാത്ത കാഴ്ച്ചകളാണിവിടെ . കൊല്ലം നഗരസഭയിലെ 6 മുതൽ 13 വരേയും 16 മുതൽ 19 വരേയും22,23 വാർഡുകളും 42 മുതൽ 48 വരേയും വാർഡുകളും കൊല്ലം താലൂക്കിലെ പനയം, തൃക്കടവൂർ, തൃക്കരുവ എന്നീ പഞ്ചായത്തുകളും അടങ്ങുന്ന നിയമസഭാമണ്ഡലമാണിത്.
പ്രവചനാതീതമാണ് ഇവിടുത്തെ വോട്ടർമാരുടെ മനസ് . ചിലപ്പോൾ എൽ ഡി എഫിനൊപ്പവും, ചിലപ്പോൾ യുഡിഎഫിനൊപ്പവുമാണ് കൊല്ലത്തെ വോട്ടർമാരുടെ യാത്ര. വ്യാപാര കേന്ദ്രങ്ങൾ, ഗതാഗത ഹബ്ബുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ എന്നിവ ചേർന്ന് ശ്വാസം മുട്ടുന്ന നഗര വാർഡുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ എപ്പോഴും ചർച്ചയാണ്.മഴക്കാലത്തെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും മാലിന്യ പ്രശ്നങ്ങളും ഇവിടെ ഭരണവിരുദ്ധ വികാരത്തിന് പെട്ടെന്ന് തിരികൊളുത്തുന്നു
ഒരു സ്ഥാനാർഥിയും തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ കൊല്ലം മണ്ഡലത്തിൽ ജയിച്ചിട്ടില്ല.കോൺഗ്രസ് നേതാവ് എ.എ.റഹീം, ആർഎസ്പിയുടെ ടി.കെ.ദിവാകരൻ, ബാബു ദിവാകരൻ, കോൺഗ്രസിലും ആർഎസ്പിയിലും നിന്ന കടവൂർ ശിവദാസൻ മുതൽ സിപിഎമ്മിലെ പി.കെ.ഗുരുദാസൻ വരെയുള്ളവരുടെ തേരോട്ടങ്ങൾ അവസാനിച്ചത് അങ്ങനെയാണ്.
നിയമസഭയിലേയ്ക്ക് അയക്കാൻ മാത്രമല്ല അത് അവസാനിപ്പിക്കാനും ഇവർക്ക് അറിയാമെന്ന് ചുരുക്കം.ബിജെപിക്ക് മണ്ഡലത്തിൽ ഗണ്യമായ വോട്ട് വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും പ്രധാന പോരാട്ടം യുഡിഎഫും, എൽ ഡിഎഫും തമ്മിലാണ്. വ്യക്തിപരമായ വിശ്വാസ്യതയും പ്രാദേശിക വികസനവുമാണ് ഇവിടെ വിജയിയെ തീരുമാനിക്കുന്നത്.
1982 ൽ യുഡിഎഫിന്റെ കടവൂർ ശിവദാസനാണ് കൊല്ലത്ത് ജനപ്രതിനിധിയായത്. 87 ൽ കടവൂർ ശിവദാസൻ ആർ എസ് പിയുടെ ബാബു ദിവാകരനോട് പരാജയപ്പെട്ടു . എങ്കിലും 1991 ൽ കടവൂർ ശിവദാസൻ വീണ്ടും ജയിച്ചു കയറി. 1996 ൽ വീണ്ടും ബാബുദിവാകരൻ കടവൂർ ശിവദാസനെ പരായപ്പെടുത്തി. 2001 ലും മണ്ഡലത്തെ പ്രതിനിധീകരിച്ചത് ബാബുദിവാകരനാണ്. 2006 ലും, 2011 ലും സിപിഎമ്മിന്റെ പി കെ ഗുരുദാസൻ കൊല്ലത്ത് നിന്ന് എം എൽ എ ആയി. 2006 ൽ ഗുരുദാസൻ പരാജയപ്പെടുത്തത് ബാബുദിവാകരനെയായിരുന്നു. 2016 ലും, 2021 ലും സിപിഎമ്മിന്റെ എം മുകേഷാണ് ജയിച്ചു കയറിയത്.
ഇത്തവണ മുകേഷിനെ മാറ്റി കശുവണ്ടി വികസന ബോർഡ് ചെയർമാനും പാർട്ടി ജില്ലസെക്രട്ടറിയുടെ ചുമതലയും വഹിക്കുന്ന എസ്. ജയമോഹനാണ് സി.പി.എം സ്ഥാനാർഥി . യു.ഡി.എഫ് എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണയെ തന്നെ വീണ്ടും സ്ഥാനാർഥിയാക്കി. ബി.ജെ.പിയുടെ സ്ഥാനാർഥി മെഡിട്രീന ഹോസ്പിറ്റൽ എം.ഡികൂടിയായ ഡോ.എൻ. പ്രതാപ്കുമാറാണ്.
മത്സ്യ – കശുവണ്ടി തൊഴിലാളികൾ മാത്രമല്ല ഇപ്പോൾ മണ്ഡലത്തിലെ വോട്ടുബാങ്ക്. അസംഘടിത തൊഴിലാളി വിഭാഗങ്ങൾ വ്യാപകമായതിനൊപ്പം, മെട്രോ നഗരം സ്വപ്നം കാണുന്ന ഉപരിമധ്യ – സമ്പന്ന വർഗങ്ങളും കൊല്ലത്തുണ്ട്. നഗരത്തിന്റെ വളർച്ചയാണ് അവർക്ക് വേണ്ടത് . സ്റ്റാർട്ടപ്പുകളും, അത്യാധുനിക വിദ്യാഭ്യാസ സംവിധാനങ്ങളും കൊല്ലത്ത് എത്തണമെന്ന് ആഗ്രഹിക്കുന്ന യുവതലമുറയാണ് ഈ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകുന്നത് . അഷ്ടമുടിയുടെ മണ്ണ് ആർക്കൊപ്പമെന്ന് അറിയാൻ കാത്തിരിക്കാം.

